• Breaking News

    ശിവസേനയും അകാലിദളുമില്ലാത്ത സഖ്യം എന്‍.ഡി.എ അല്ല; ബി.ജെ.പിക്കെതിരെ ശിവസേന

    NDA is not an alliance without Shiv Sena and Akali Dal; Shiv Sena against BJP , www.thekeralatimes.com

    മുംബൈ:
    കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍.ഡി.എ വിട്ടതില്‍ ബി.ജെ.പിക്കെതിരെ ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ശിവസേനയും അകാലിദളുമില്ലാതെ എന്‍.ഡി.എയില്ല എന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്. ‘എന്‍.ഡി.എയുടെ പ്രധാന തൂണുകളായിരുന്നു ശിവസേനയും അകാലിദളും. 

    ശിവസനേ എന്‍.ഡി.എയില്‍ നിന്ന് സമ്മര്‍ദ്ദം കൊണ്ട് പുറത്ത് പോയതാണ്. ഇപ്പോഴിതാ അകാലിദളും. ഇപ്പോള്‍ എന്‍.ഡി.എയ്ക്ക് പുതിയ പങ്കാളികളെ കിട്ടിയിരിക്കുന്നു. അവര്‍ക്ക് ഞാന്‍ ആശംസ നേരുന്നു. പക്ഷെ ശിവസേനയും അകാലിദളുമില്ലാത്ത ഒരു സഖ്യത്തെ ഞാന്‍ എന്‍.ഡി.എയായി പരിഗണിക്കില്ല,’ സഞ്ജയ് റാവത്ത് പറഞ്ഞു. അകാലിദള്‍ എന്‍.ഡി.എ വിട്ടതില്‍ പ്രതികരിച്ച് നേരത്തെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്തെത്തിയിരുന്നു. ഇത് കര്‍ഷകരുടെ വിജയമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്ന് വിട്ട് പോകുന്ന മൂന്നാമത്തെ പ്രധാന പാര്‍ട്ടിയാണ് ശിരോമണി അകാലിദള്‍.

    എം.എസ്.പിയില്‍ കര്‍ഷകരുടെ വിളകളുടെ വിപണനം ഉറപ്പാക്കുന്നതിന് നിയമപരമായ നിയമനിര്‍മ്മാണത്തിന് ഉറപ്പ് നല്‍കാന്‍ കേന്ദ്രം വിസമ്മതിച്ചതിനാലാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ ശിരോമണി അകാലിദള്‍ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് നേരത്തെ ഹര്‍സിമത്ര് കൗര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പഞ്ചാബ്, സിഖ് വിഷയങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിരന്തരം അവഗണന കാണിക്കുന്നെന്നും അകാലിദള്‍ എന്‍.ഡി.എ വിടുന്ന തീരുമാനത്തെ തുടര്‍ന്ന് വ്യക്തമാക്കിയിരുന്നു. എന്‍.ഡി.എയില്‍ തുടരണോ വേണ്ടയോ എന്ന കാര്യം പരിശോധിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ ബാദല്‍ ഹര്‍സിമ്രതിന്റെ രാജിക്ക് പിന്നാലെ പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ ആദ്യം തൊട്ടുതന്നെ ഹര്‍സിമ്രതിന് വിയോജിപ്പുണ്ടായിരുന്നെന്നും കര്‍ഷകരോട് കൂടിയാലോചന നടത്താതെയായിരുന്നു കേന്ദ്രത്തിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    പഞ്ചാബ് തെരഞ്ഞെടുപ്പിന് ഏറെ ദൂരം ബാക്കിയില്ലെന്നിരിക്കെയാണ് അകാലിദള്‍ സഖ്യം വിടുന്നത്. നേരത്തെ ശിവസേനയും എന്‍.ഡി.എ വിട്ടിരുന്നു. അകാലിദള്‍ സഖ്യത്തില്‍ നിന്ന് പുറത്തുപോയാല്‍ ബി.ജെ.പിക്കത് ചെറുതല്ലാത്ത തിരിച്ചടി തന്നെയാകും നല്‍കാന്‍ പോകുന്നത്. ശിവസേനയും അകാലിദളും എന്‍.ഡി.എയുടെ അവിഭാജ്യഘടകമായിരുന്നു.