ഡി.കെ ശിവകുമാറിന്റെ വസതിയിലേയും സ്ഥാപനങ്ങളിലേയും റെയ്ഡ്; സി.ബി.ഐ 50 ലക്ഷം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
ന്യൂഡൽഹി: കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി. കെ ശിവകുമാറുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 50 ലക്ഷം രൂപ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ശിവകുമാറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തതായും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഡി. കെ ശിവകുമാര്‍, അദ്ദേഹത്തിന്റെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ ഡി. കെ സുരേഷ് എന്നിവരുടെ വീട്ടിലും ബന്ധപ്പെട്ട 14 കേന്ദ്രങ്ങളിലുമാണ് സി.ബി.ഐ ഇന്ന് റെയ്ഡ് നടത്തിയത്. കര്‍ണാടക, ദല്‍ഹി, മുംബൈ എന്നിവിടങ്ങളിലായാണ് റെയ്ഡ് നടത്തിയത്.
അനധികൃത സ്വത്ത് സമ്പാദനത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ കോണ്‍ഗ്രസ് നേതാവ് ഡി. കെ ശിവകുമാറിനെതിരെ അഴിമതി ആരോപിച്ച് കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് അനുമതി നല്‍കിയിരുന്നു. സി.ബി.ഐ റെയ്ഡ് തുടങ്ങിയതിന് പിന്നാലെ തന്നെ കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തിയിരുന്നു. സി.ബി.ഐ സര്‍ക്കാരിന്റെ കയ്യിലെ കളിപ്പാവയായി മാറിയെന്നും ഈ റെയ്ഡ് കൊണ്ടൊന്നും തങ്ങളെ തളര്‍ത്താനാവില്ലെന്നുമായിരുന്നു സുര്‍ജേവാല പ്രതികരിച്ചത്. യെദിയൂരപ്പ സര്‍ക്കാരിന്റെ അഴിമതിയും സി.ബി.ഐ കണ്ടെത്തണം. പക്ഷെ ഈ ‘റെയ്ഡ് രാജ്’ അവരുടെ കുടില തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.ഐയുടെ ആക്രമണം ബി.ജെ.പിയുടെ സ്ഥിരം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാണ്. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോല്‍ക്കുമെന്ന ഭയമാണിതിന് കാരണം. ഈ വിദ്വേഷ രാഷ്ട്രീയത്തിന്റെ സി.ബി.ഐ ആക്രമണത്തില്‍ തങ്ങള്‍ അപലപിക്കുന്നന്നെന്ന് കര്‍ണാടക പി.സി.സിയും പ്രതികരിച്ചിരുന്നു. 2019 സെപ്തംബറില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഡി. കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 23ന് ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങുകയായിരുന്നു.
2017 ഓഗസ്റ്റില്‍ ഡി. കെ ശിവകുമാറും ഡി. കെ സുരേഷ് കുമാറുമായി ബന്ധപ്പെട്ട നിരവധി കേന്ദ്രങ്ങളില്‍ ഇന്‍കം ടാക്സ് ഡിപാര്‍ട്ട്മെന്റ് റെയ്ഡ് നടത്തിയിരുന്നു. ദല്‍ഹി, ചെന്നൈ, കര്‍ണാടക എന്നിവിടങ്ങളിലായിരുന്നു അന്ന് റെയ്ഡ് നടത്തിയിരുന്നത്. അക്കാലത്ത് ശിവകുമാര്‍ കര്‍ണാടക മന്ത്രിയായിരുന്നു. അന്ന് ശിവകുമാറില്‍ നിന്ന് കണക്കില്‍പെടാത്ത 10 കോടി കണ്ടെത്തിയതായി ഇന്‍കം ടാക്സ് വകുപ്പ് പറഞ്ഞിരുന്നു.

