നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ (എൻ.റ്റി.എസ്.ഇ) അപേക്ഷകൾ ക്ഷണിക്കുന്നു
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഉന്നതപഠനം വരെ സ്കോളർഷിപ്പ് ലഭിക്കാൻ അവസരമൊരുക്കുന്ന നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ (എൻ.റ്റി.എസ്.ഇ.) ഡിസംബർ 13-ന് നടത്തും. ഇതിനു വേണ്ടിയുള്ള അപേക്ഷകൾ ഒക്ടോബർ15 മുതൽ എസ്.സി.ഇ.ആർ.ടി. കേരളയുടെ വെബ്സൈറ്റിൽ (www.scertkerala.gov.in) ഓൺലൈനായി ലഭിക്കും. എൻ.റ്റി.എസ്.ഇ. സംസ്ഥാനതല പരീക്ഷയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളാണ്അപേക്ഷകൾ സമർപ്പിക്കേണ്ടത്. സംസ്ഥാനതല വിജയികളെ ഉൾപ്പെടുത്തി ദേശീയതലത്തിൽ പരീക്ഷ നടത്തും. അതിൽ വിജയിക്കുന്നവർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. സർക്കാർ എയ്ഡഡ്, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങി മറ്റ് അംഗീകൃത സ്കൂളുകളിൽ പത്താംക്ലാസിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ഓപ്പൺ ഡിസ്റ്റൻസ് ലേണിംഗ് (ഒ.ഡി.എൽ) വഴി രജിസ്റ്റർ ചെയ്ത് പതിനെട്ട് വയസ്സിന് താഴെ പത്താംക്ലാസിൽ ആദ്യ തവണ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഒൻപതാം ക്ലാസിൽ ഭാഷേതര വിഷയങ്ങൾക്കായി 55 ശതമാനത്തിൽ കുറയാത്ത മാർക്ക് ലഭിച്ചിരിക്കണം. അപേക്ഷകർ ഫോട്ടോ, ആധാർകാർഡ്, അംഗപരിമിതിയുള്ളവർ അത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഒ.ബി.സി.വിഭാഗത്തിൽ റിസർവേഷന് അർഹതയുള്ളവർ കേന്ദ്ര സർക്കാരിന്റെ മാനദണ്ഡമനുസരിച്ചുള്ള നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ്, ഇ.ഡബ്ല്യു.എസ് സംവരണത്തിന് അർഹതയുള്ളവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ നിശ്ചിത ഫോർമാറ്റിൽ ഓൺലൈൻ ആയി അപേക്ഷി
ക്കുന്നതിന് കാലേക്കൂട്ടി കരുതേണ്ടതാണ്. ഫീസും മറ്റു അനുബന്ധ വിവരങ്ങളും നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുമ്പോൾ നൽകുന്നതായിരിക്കും. വിശദ വിവരങ്ങൾക്ക് 0471-2 346113 എന്ന നമ്പറിലോ ntsescertkerala@gmail.comഎന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

