• Breaking News

    രണ്ടര മാസത്തിനിടെ സഹാറ 3,226 കോടി രൂപ നിക്ഷേപര്‍ക്കു തിരിച്ചു നല്‍കി

    Sahara has paid more than Rs. 3000 crore to its investors  , www.thekeralatimes.com

    ലഖ്‌നൗ: സഹാറ ഇന്ത്യ പരിവാറില്‍ നിക്ഷേപമുള്ള 10,17,194 പേര്‍ക്ക് 75 ദിവസത്തിനിടെ 3226.03 കോടി രൂപ തിരിച്ചു നല്‍കിയതായി കമ്പനി അറിയിച്ചു. പണം ലഭിക്കാന്‍ വൈകുന്നുവെന്ന് പരാതിപ്പെട്ടവരാണ് ഇവരില്‍ 2.18 ശതമാനം. സഹാറയിലെ മൊത്തം നിക്ഷേപകരുടെ 0.07 ശതമാനം മത്രമാണ് പണം ലഭിക്കാന്‍ വൈകുന്നുവെന്ന് പരാതിപ്പെട്ടത്. ഇന്ത്യയിലൂടനീളം കമ്പനിക്ക് എട്ടു കോടിയോളം നിക്ഷേപകരുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സഹാറ 1.40 ലക്ഷം കോടി രൂപയാണ് 5.7 കോടി നിക്ഷേപകര്‍ക്കായി തിരിച്ചു നല്‍കിയത്. ഇവയില്‍ 40 ശതമാനത്തോളം മാത്രമാണ് പുനര്‍ നിക്ഷേപം. ബാക്കിയെല്ലാം പണമായി തിരിച്ചു നല്‍കി.

    കഴിഞ്ഞ എട്ടു വര്‍ഷമായി കമ്പനിക്കു മേലുള്ള സുപ്രീം കോടതിയുടെ നിയന്ത്രണം കാരണമാണ് നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കുന്നതില്‍ കാലതാമസത്തിനിടയാക്കിയതെന്നും കമ്പനി വ്യക്തമാക്കി. കമ്പനിയുടേയോ ഗ്രൂപ്പ് സ്ഥാപനങ്ങളുടെയോ ആസ്തികള്‍ വിറ്റോ ഈടുവെച്ച് വായ്പ എടുത്താലോ മുഴുവന്‍ പണവും സഹാറ-സെബി അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കണം എന്നാണ് സുപ്രീം കോടതി നിര്‍ദേശം. ഈ അക്കൗണ്ടില്‍ നിന്ന് കമ്പനിയുടെ ആവശ്യത്തിന്, നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാന്‍ പോലും ഒരു രൂപ പോലും എടുക്കാന്‍ കഴിയില്ലെന്നും സഹാറ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഈ അക്കൗണ്ടില്‍ ഇതുവരെ പലിശയടക്കം ഏകദേശം 22,000 കോടി രൂപയാണ് സഹാറ നിക്ഷേപിച്ചത്. എന്നാല്‍ എട്ടു വര്‍ഷത്തിനിടെ രാജ്യത്തുടനീളം 154 പത്രങ്ങളിലായി സെബി നാലു തവണ പരസ്യം നല്‍കിയിട്ടും സെബി 106.10 കോടി രൂപ മാത്രമാണ് നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്. ഇനി അവകാശവാദം ഉന്നയിക്കുന്ന നിക്ഷേപകരെ പരിഗണിക്കില്ലെന്ന് ഏറ്റവും ഒടുവില്‍ നല്‍കിയ പരസ്യത്തില്‍ സെബി മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നിക്ഷേപകര്‍ അവകാശവാദം ഉന്നയിച്ച് വന്നില്ല. സഹാറ ഗ്രൂപ്പ് എല്ലാ നിക്ഷേപകര്‍ക്കും പണം തിരിച്ചു നല്‍കിയിരുന്നതാണ് കാരണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഈ 22,000 കോടി രൂപ സുപ്രീം കോടതി നിര്‍ദേശ പ്രകാരം സഹാറയ്ക്കു തിരികെ ലഭിക്കും.

    സഹാറ ചിട്ടി ഫണ്ട് കമ്പനിയാണെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത് വാസ്തവ വിരുദ്ധമണെന്ന് സഹാറ വക്താവ് വ്യക്തമാക്കി. സഹാറ ചിട്ടി ഫണ്ട് ബിസിനസ് ആണ് നടത്തുന്നതെന്ന തരത്തിലുള്ള റിപോര്‍ട്ടുകളിലുള്ളത് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളാണെന്നും കമ്പനി വിശദീകരിച്ചു. നിയമ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സഹാറയെന്നും 42 വര്‍ഷമായി നിക്ഷേപമുള്ള അംഗങ്ങള്‍ക്ക് സേവനം നല്‍കി വരികയാണെന്നും കമ്പനി പറഞ്ഞു.