പഞ്ചായത്ത് പ്രസിഡന്റ് ദളിത; യോഗങ്ങളിൽ ഇരിക്കാൻ കസേര പോലും നൽകാതെ വിവേചനം
പഞ്ചായത്ത് പ്രസിഡന്റായ ദളിത് സ്ത്രീക്ക് ഇരിക്കാൻ കസേര പോലും നൽകാതെ ജാതി വിവേചനം. കൂഡല്ലൂരിലെ തെർക്കുതിട്ടെ പഞ്ചായത്ത് യോഗത്തിനിടെ ദളിതയായ പ്രസിഡന്റിനെ തറയിൽ ഇരുത്തുന്നതായാണ് പരാതി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ രാജേശ്വരിയ്ക്കാണ് ദുരനുഭവം. പഞ്ചായത്ത് പ്രസിഡൻറ് നിലത്തിരുന്നാൽ മതിയെന്നാണ് മേൽജാതിക്കാരായ വൈസ് പ്രസിഡൻറിൻറെയും മറ്റ് അംഗങ്ങളുടെയും കൽപന.
പുതിയ കമ്മിറ്റി നിലവിൽ വന്നതിന് ശേഷം നടന്ന യോഗങ്ങളിൽ എല്ലാം തന്നെ നിലത്താണ് ഇരുത്താറെന്ന് രാജേശ്വരി പറഞ്ഞു. തനിക്ക് പുറമെ മറ്റൊരു ദളിത് അംഗത്തെയും കസേരയിൽ ഇരിക്കാൻ സമ്മതിക്കാറില്ലെന്നും രാജേശ്വരി പറയുന്നു.
പരാതി ലഭിച്ചതോടെ പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് കൂഡല്ലൂർ എസ് പി ശ്രീഅഭിനവ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹൻരാജനും പഞ്ചായത്ത് സെക്രട്ടറിക്കും എതിരെയാണ് കേസെടുത്തത്.

