സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുന്നു; കളമശേരി മെഡി. കോളജിലെ വീഴ്ച വെളിപ്പെടുത്തിയ ഡോ. നജ്മ പൊലീസിൽ പരാതി നൽകി
കളമശേരി മെഡിക്കൽ കോളജിൽ രോഗി മരിച്ച സംഭ്ചത്തിൽ ആശുപത്രി വീഴ്ച വരുത്തിയെന്ന് വെളിപ്പെടുത്തിയ ഡോ. നജ്മ പൊലീസിൽ പരാതി നൽകി. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നജ്മയുടെ പരാതി. ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് അവർ പരാതിയിൽ പറയുന്നു.
തനിക്ക് കെഎസ്‌യുവുമായി ബന്ധമുണ്ടെന്ന തരത്തിൽ ചിലർ പ്രചരിപ്പിക്കുന്നു എന്നാണ് നജ്മയുടെ പരാതി. ഇത്തരം കാര്യങ്ങളിൽ തിരുത്തുണ്ടാവണമെന്നാണ് താൻ പറയുന്നത്. സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും നജ്മ പറയുന്നു.
“ഹാരിസ്, ബൈഹക്കി, ജമീല എന്നീ മൂന്നു രോഗികളെയും ഞാൻ കണ്ടിട്ടുണ്ട്. ഇവർ മരിക്കുന്ന സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നില്ല എന്നത് സത്യമാണ്. ഇവർ ഉണ്ടായിരുന്നപ്പോൾ ഡ്യൂട്ടി ബുക്കിലും രേഖപ്പെടുത്തിയിട്ടുണ്ട്. സിസ്റ്റർമാർ അനാസ്ഥ കാണിച്ചിട്ടുണ്ടെന്ന് നഴ്സിംഗ് സൂപ്രണ്ടിനോടാണ് ഞാൻ പരാതിപ്പെട്ടത്. പക്ഷേ, അത് എഴുതിക്കൊടുത്തിരുന്നില്ല.”- ഡോ. നജ്മ ട്വൻ്റിഫോറിനോട് പറഞ്ഞു.
“വെൻ്റിലേറ്ററിൽ അലാം കേട്ടിട്ടും നഴ്സുമാർ പലപ്പോഴും അത് അറ്റൻഡ് ചെയ്തിട്ടില്ല. അങ്ങനെ പല അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. നന്നായി ജോലിയെടുക്കുന്ന നഴ്സുമാരുണ്ട്. എന്നാൽ, ചിലർക്ക് മടിയുണ്ട്. ഞാൻ കെ എസ് യുവിലൊന്നും പ്രവർത്തിച്ചിട്ടില്ല. ഒരു പാർട്ടിയിലും ഞാൻ അംഗമല്ല.”- ഡോ. നജ്മ കൂട്ടിച്ചേർത്തു.

