ഹത്റാസ് പെണ്‍കുട്ടിക്ക് നേരെ ബലപ്രയോഗം നടന്നെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍; യു.പി പൊലീസിന്റെ വാദം പൊളിയുന്നു
ഹത്റാസില്‍ കൊല്ലപ്പെട്ട പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നെന്ന് ചികിത്സിച്ച ഡോക്ടര്‍. ബലാത്സംഗശ്രമത്തിന്‍റെ ലക്ഷണമുണ്ടായിരുന്നു എന്നും ഡോക്ടറുടെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പെണ്‍കുട്ടിയെ ആദ്യമെത്തിച്ച അലിഗഡിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ മെഡിക്കോ-ലീഗല്‍ എക്‌സാമിനേഷന്‍ റിപ്പോര്‍ട്ടിലാണ് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നത്.
ബലം പ്രയോഗത്തിൻറെയും ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതിന്റെയും ലക്ഷണങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബലാത്സംഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ട്, അതിനാല്‍ ആഗ്രയിലെ സര്‍ക്കാര്‍ ഫോറന്‍സിക് ലാബില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനുമായി കൂടുതൽ പരിശോധനയ്ക്ക് നിര്‍ദേശിക്കുകയുമാണ് ഈ റിപ്പോര്‍ട്ടില്‍.
നേരത്തെ പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് യു.പി പൊലീസ് വാദിച്ചിരുന്നു. സംഭവത്തെ ജാതീയ പ്രശ്‌നമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പൊലീസ് ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ പൊലീസ് വാദം പൊളിയ്ക്കുന്നതാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ.
അതേസമയം, സംഭവത്തില്‍ എസ്ഐടി അന്വേഷണത്തിന് പിന്നാലെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇത് രണ്ടും തള്ളുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. എസ്ഐടി അന്വേഷണത്തിലോ സിബിഐ അന്വേഷണത്തിലോ വിശ്വാസമില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇന്നലെ രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ എസ്ഐടി സംഘത്തോട് കുടംബം സഹകരിച്ചില്ല. അതേസമയം, പെൺകുട്ടിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്നും ബന്ധുക്കൾ അറിയിച്ചു. സംസ്കരിച്ചത് ആരുടെ മൃതദേഹമെന്ന് വ്യക്തമല്ലാത്തതിനാലാണ് തീരുമാനമെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം പോലീസ് കാണിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

