ഡോ. നജ്മ, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ലെന്ന മെഡിക്കല്‍ കോളജിന്റെ വാദം തെറ്റ്; ഡ്യൂട്ടി ലിസ്റ്റ് പുറത്തുവിട്ടു
കോവിഡ് രോഗികള്‍ മരിച്ച സമയത്ത് ഡോക്ടര്‍ നജ്മ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്ന കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ വാദം പൊളിയുന്നു. ബൈഹക്കിയും ജമീലയും മരിക്കുമ്പോള്‍ ഡോ. നജ്മ ജോലിക്കുണ്ടായിരുന്നെന്ന് വ്യക്തമാകുന്ന ഡ്യൂട്ടി ലിസ്റ്റ് മീഡിയവണിന് ലഭിച്ചു. ചികിത്സാപിഴവ് ചൂണ്ടിക്കാട്ടി ഡോ.നജ്മ, ആര്‍.എം.ഒക്ക് അയച്ച വാട്സ്ആപ്പ് സന്ദേശവും പുറത്തുവന്നു.
എന്നാല്‍ കളമശേരി മെഡിക്കല്‍ കോളജിന്റെ വിശദീകരണം തളളി മരിച്ച ഹാരിസിന്റെ കുടുംബം രംഗത്തെത്തി. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന വാദം തെറ്റാണ്, അസ്വാഭാവികത ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പൊലീസില്‍ നല്‍കിയ പരാതിയിലും ഇതുവരെ നടപടി ആരംഭിച്ചിട്ടില്ലെന്ന് ഹാരിസിന്റെ ബന്ധു അന്‍വര്‍ പറഞ്ഞു.
അതേസമയം കളമശ്ശേരി മെഡിക്കൽ കോളജിലെ വീഴ്ചയില്‍ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. കോവിഡ് ബാധിച്ച് മരിച്ച ഹാരിസ്, ബൈഹക്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് പിന്നാലെയാണ് മരിച്ച ജമീലയുടെ കുടുംബവും രംഗത്തെത്തിയിരിക്കുന്നത്. ചികിത്സയിലിരിക്കെ സൗകര്യങ്ങൾ ലഭിച്ചിരുന്നില്ലെന്ന് ജമീലയുടെ മകള്‍ ഹൈറുന്നീസ പറഞ്ഞു.

