ആർഎൽവി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവത്തിൽ വിശദീകരണം തേടി മന്ത്രി എ.കെ ബാലൻ
കേരള സംഗീത നാടക അക്കാദമി നടത്തുന്ന സർഗഭൂമിക പരിപാടിയിൽ ആർഎൽവി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവത്തിൽ അക്കാദമിയോട് വിശദീകരണം തേടി മന്ത്രി എ.കെ ബാലൻ. സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ സാംസ്‌കാരിക വകുപ്പ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി.
മോഹിനിയാട്ടം അവതരിപ്പിക്കാൻ രാമകൃഷ്ണൻ അക്കാദമിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷ 1900-ാം നമ്പരായി തപാലിൽ ചേർത്ത് ഫയലിൽ സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ, നൃത്ത വിഭാഗത്തിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നതിൽ നിലവിൽ തീരുമാനമായിട്ടില്ല. രാമകൃഷ്ണന്റെ പ്രാഗത്ഭ്യത്തെ പൊതു സമൂഹം അംഗീകരിച്ചതാണ്. അതുകൊണ്ട് തന്നെ രാമകൃഷ്ണനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് തന്നെയായിരിക്കും ഗവൺമെന്റ് സ്വീകരിക്കുക എന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലൻ അറിയിച്ചു.

