• Breaking News

    മാസ് ഡയലോഗടിച്ച് നിൽക്കാതെ പിണറായി വിജയൻ രാജിവയ്ക്കുന്നതാണ് ധാർമ്മിക മര്യാദ: വി മുരളീധരൻ

    Pinarayi Vijayan resigns without holding mass dialogue: V Muraleedharan , www.thekeralatimes.com

    സ്വർണ്ണക്കടത്ത് കേസ് നിർണായക വഴിത്തിരിവിൽ എത്തി എന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിയുടെ വലം കൈയായിരുന്ന, ഏറ്റവും വിശ്വസ്തനെന്ന് പാർട്ടിയിലും സർക്കാരിലും അറിയപ്പെട്ടിരുന്ന എം.ശിവശങ്കർ വെറുമൊരു ഉദ്യോഗസ്ഥൻ മാത്രമെന്ന് തള്ളിപ്പറയാൻ പിണറായി വിജയൻ ഇനി ശ്രമിച്ചാലും പൊതു ജനം അത് വിശ്വസിക്കില്ല. ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ലാതായ പിണറായി വിജയൻ എത്രയും വേഗം മുഖ്യമന്ത്രിക്കസേരയൊഴിയുന്നതാണ് ധാർമ്മിക മര്യാദ എന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു.

    വി മുരളീധരന്റെ പ്രസ്താവന:

    സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടയിൽ, ഒട്ടേറെ അട്ടിമറി ശ്രമങ്ങളെ അതിജീവിച്ച അന്വേഷണ ഏജൻസികളെ ഞാൻ അഭിനന്ദിക്കുകയാണ്. കേസ് വഴി തിരിച്ചു വിടാനും തെളിവു നശിപ്പിക്കാനും ഉള്ള സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും ശ്രമങ്ങളെ അതിജീവിച്ചാണ് അന്വേഷണ ഏജൻസികൾ ഇതുവരെ എത്തിയത്. കേസ് നിർണായക വഴിത്തിരിവിൽ എത്തി എന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി. ഇതുവരെ കേസിൽ അറസ്റ്റിലായതും കസ്റ്റഡിയിലെടുത്തതും സ്വർണ്ണം കടത്തുന്നതിൽ നേരിട്ട് പങ്കാളിയായവരെയാണ്. എന്നാൽ സ്വർണ്ണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരും ഗൂഢാലോചനക്കാരും അണിയറയിൽ മറഞ്ഞു നിൽക്കുകയാണ്. അവരിലേക്ക് അന്വേഷണം എത്തുന്നതിന്റെ ആദ്യ സൂചനയാണ് എം.ശിവശങ്കറിന്റെ കസ്റ്റഡി.

    മുഖ്യമന്ത്രിയുടെ വലം കൈയായിരുന്ന, ഏറ്റവും വിശ്വസ്തനെന്ന് പാർട്ടിയിലും സർക്കാരിലും അറിയപ്പെട്ടിരുന്ന എം.ശിവ ശങ്കർ വെറുമൊരു ഉദ്യോഗസ്ഥൻ മാത്രമെന്ന് തള്ളിപ്പറയാൻ പിണറായി വിജയൻ ഇനി ശ്രമിച്ചാലും പൊതു ജനം അത് വിശ്വസിക്കില്ല. മുൻകൂർ ജാമ്യമെടുത്ത് തടിതപ്പാനുള്ള ശ്രമവും പാളി , ഇഡിയുടെ കസ്റ്റഡിയിലിരിക്കുകയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ. നടപടിക്രമങ്ങൾ പാലിക്കാതെ സ്പ്രിംക്ലർ കരാറൊപ്പിടാൻ പോലും അധികാരമുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തൻ  കസ്റ്റഡിയിലായിട്ടും ” എനക്കൊന്നും അറിയില്ല ” എന്ന് ഇനിയും പറഞ്ഞ് മുഖ്യമന്ത്രിക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനാണോ പിണറായി വിജയന്റെ ഭാവം ?

    ഇടതുസർക്കാരിന്റെ കള്ളക്കടത്തു സംഘവുമായുള്ള ബന്ധം പകൽ പോലെ വ്യക്തമാക്കുന്നതാണ് നിലവിലെ സാഹചര്യം. ന്യായീകരണ കാപ്സൂൾ തൊണ്ട തൊടാതെ വിഴുങ്ങാൻ മാത്രം മണ്ടൻമാരല്ല ഇന്നാട്ടിലെ ബഹുഭൂരിപക്ഷം. കള്ളക്കടത്തുകാരെ സംരക്ഷിക്കാനും കള്ളക്കടത്തിന് ഒത്താശ ചെയ്യാനും മടി കാണിക്കാത്ത ഇത്തരമൊരു സർക്കാർ കേരളത്തിന് മാനക്കേടാണ്. ദൈവത്തിന്റെ സ്വന്തം നാടിനെ കൊള്ള സങ്കേതമാക്കിയ ഇടതു സർക്കാർ ജനങ്ങളോട് മാപ്പുപറയണം. ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ലാതായ പിണറായി വിജയൻ അധികം മാസ് ഡയലോഗടിച്ച് നിൽക്കാതെ എത്രയും വേഗം മുഖ്യമന്ത്രിക്കസേരയൊഴിയുന്നതാണ് ധാർമ്മിക മര്യാദ!