മരണത്തിന്റെ വ്യാപാരികൾ; യു.ഡി.എഫ് പ്രവർത്തകരെ അപമാനിച്ചവർ മാപ്പ് പറയണമെന്ന് ഉമ്മൻചാണ്ടി
യു.ഡി.എഫ് പ്രവർത്തകരെ മരണത്തിന്റെ വ്യാപാരികൾ എന്ന് വിളിച്ചവർ മാപ്പ് പറയണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോവിഡ് വ്യാപനത്തിനു കാരണം സമരങ്ങളാണെന്ന സർക്കാരിന്റെയും സി.പി.ഐഎമ്മിന്റെയും പ്രചാരണം പൊളിഞ്ഞെന്നു ഉമ്മൻ ചാണ്ടി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ സർക്കാരിനേറ്റ പരാജയം മറച്ചുവെക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. സെപ്റ്റംബർ മാസത്തോടെ പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ ആകുമെന്ന് ആരോഗ്യമന്ത്രിയും വ്യക്തമാക്കി.
ആരോഗ്യമന്ത്രിയുടെ നിഗമനത്തെ മുഖ്യമന്ത്രിയും പിന്തുണച്ചിട്ടുണ്ട്. സർക്കാരിന്റെ നിഗമനം ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്നു കരുതുന്നു. ഈ സാഹചര്യത്തിൽ യു.ഡി.എഫിനെതിരെ ആരോപണം ഉന്നയിച്ചവർ മാപ്പ് പറയണെന്ന് ഉമ്മൻചാണ്ടി വാർത്താ കുറിപ്പിൽ അഭിപ്രായപ്പെട്ടു.
കേരളത്തിൽ യാതൊരു വിധ സമരങ്ങളും ഇല്ലാതിരുന്നപ്പോഴാണ് ആഗസ്റ്റിൽ ആരോഗ്യമന്ത്രിയുടെ നിഗമനം പുറത്തുവന്നത്. പ്രതിപക്ഷ സമരമാണ് കോവിഡ് പടരാൻ കാരണമെന്നതു സംബന്ധിച്ച എന്തെങ്കിലും ഡാറ്റ സർക്കാരിന്റെ പക്കലുണ്ടോയെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു
സർക്കാരിന് ഒമ്പത് മാസം തയാറെടുപ്പിനു കിട്ടിയിട്ടും ആരോഗ്യസൂചികയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുനില്ക്കുന്ന കേരളത്തിന് ഒട്ടും അഭിമാനകരമല്ല നിലവിലുള്ള കൊവിഡ് സൂചികകളെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

