‘ക്രമസമാധാന പാലനത്തില്‍ ഇത്ര പരാജയപ്പെട്ട ഒരു സംസ്ഥാനത്തെയും ഞാന്‍ കണ്ടിട്ടില്ല’; മമത സർക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാന പാലനത്തില്‍ ഇത്ര പരാജയപ്പെട്ട ഒരു സംസ്ഥാനത്തെയും താന്‍ കണ്ടിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. അതേസമയം ഉത്തര്‍പ്രദേശില്‍ ക്രമസമാധാനം മെച്ചപ്പെട്ടുവെന്നായിരുന്നു അമിത് ഷായുടെ വാദം. ഇന്ത്യാ ടുഡേക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ അധികാരത്തിലേറിയതിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചു വിടുകയാണ്. ഇതിനോടകം 100 ബി.ജെ.പി പ്രവര്‍ത്തകര്‍ പശ്ചിമ ബംഗാളില്‍ കൊല്ലപ്പെട്ടെന്നും ഈ കേസുകളിലൊന്നും ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇതിലും പരാജയമായ ഒരു സര്‍ക്കാരുമില്ല, ക്രമസമാധാന പാലനത്തില്‍ ഇത്ര പരാജയപ്പെട്ട ഒരു സംസ്ഥാനത്തെയും ഞാന്‍ കണ്ടിട്ടില്ല അമിത് ഷാ പറഞ്ഞു. അതേസമയം ഉത്തര്‍പ്രദേശില്‍ ക്രമസമാധാനം മെച്ചപ്പെട്ടു. യോഗി ആദിത്യനാഥ് സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതേ സമയം പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി എന്താണ് ചെയ്തതതെന്നും അമിത് ഷാ ചോദിച്ചു.
പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്നത് കൃത്യ സമയത്ത് അറിയിക്കും. ബംഗാളില്‍ ബി.ജെ.പി വിജയിക്കുമെന്നത് ഉറപ്പാണ്. മൂന്നിലൊന്ന് ഭൂരിപക്ഷം നേടിയായിരിക്കും ഞങ്ങളുടെ വിജയം. അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
‘2019-ല്‍ ബംഗാളില്‍ ഞങ്ങള്‍ക്ക് 22 സീറ്റുകള്‍ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എതിരാളികള്‍ എന്നെ പരിഹസിച്ചു. എന്റെ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ പോലും പരിഹസിച്ചു. എന്നാല്‍ ഞങ്ങള്‍ക്ക് 18 സീറ്റുകള്‍ ലഭിച്ചു. അഞ്ചോളം സീറ്റുകള്‍ 2000 മുതല്‍ 3000 വോട്ടുകള്‍ക്കാണ് നഷ്ടമായത്’ അമിത് ഷാ പറഞ്ഞു. എന്നാല്‍ ഇന്ന് താന്‍ പറയുന്നു ബിജെപി ചുരുങ്ങിയത് 200 സീറ്റെങ്കിലും നേടി അധികാരത്തില്‍ വരും. പരിഹസിക്കുന്നവര്‍ പരിഹസിക്കട്ടെ, നമ്മുടെ പദ്ധതികള്‍ പ്രകാരം പ്രവര്‍ത്തിച്ചാല്‍ ബിജെപിക്ക് 200ല്‍ കൂടുതല്‍ സീറ്റുകള്‍ നേടാമെന്നും അദ്ദേഹം വ്യക്തമാക്കി.
294 അംഗ ബംഗാള്‍ നിയമസഭയില്‍ ബിജെപിക്ക് നിലവില്‍ 16 എംഎല്‍എമാര്‍ മാത്രമാണുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസിന് 221 എംഎല്‍എമാരുണ്ട്. എന്നാല്‍ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 120 നിയമസഭാ മണ്ഡലങ്ങളില്‍ മുന്നിലെത്തിയിട്ടുണ്ടെന്നുള്ളതാണ് ബിജെപി നേതാക്കളുടെ ആത്മവിശ്വാസം.
പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞടുപ്പ് വരാനിരിക്കെ ബി.ജെ.പി ശക്തമായ പ്രചാരണവുമായാണ് സംസ്ഥാനത്ത് മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി പശ്ചിമ ബംഗാളില്‍ ദ്വി-ദിന സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു അമിത് ഷാ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

