• Breaking News

    ബോംബെ ഹൈക്കോടതി വിധിക്കെതിരെ അർണാബ് ഗോസ്വാമി സുപ്രീം കോടതിയിൽ

    Arnab Goswami in the Supreme Court against the Bombay High Court verdict , www.thekeralatimes.com

    ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യാ പ്രേരണക്കേസിൽ തനിക്ക് ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ അർണാബ് ഗോസ്വാമി സുപ്രീംകോടതിയിൽ. നിലവിൽ തലോജ ജയിലിലുള്ള അർണാബിനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് റായ്ഗഡ് പൊലീസ് സമർപ്പിച്ച റിവിഷൻ ഹരജി അലിബാഗ് സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻചീഫ് പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്.

    ഇടക്കാല ജാമ്യം തേടിക്കൊണ്ടുള്ള അർണാബിന്റെയും രണ്ട് കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ചയാണ് ബോംബെ ഹൈക്കോടതി തള്ളിയത്. അർണാബിന് സെഷൻ കോടതി വഴി സാധാരണ ജാമ്യം തേടാമെന്നും കേസ് അസാധാരണ പരിഗണന അർഹിക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നിലവിൽ അന്വേഷണം നടക്കുന്ന എഫ്.ഐ.ആറിൽ ഗോസ്വാമിക്കെതിരെ ഒരു കുറ്റവും രേഖപ്പെടുത്തിയിട്ടില്ലെന്ന മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുടെ ഹരജി പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഡിസംബർ 10-നാണ് ഹൈക്കോടതി ഈ കേസിൽ അടുത്ത വാദം കേൾക്കുക.

    ഹൈക്കോടതി ജാമ്യം നൽകാതിരുന്നതോടെയാണ് അഡ്വ. നിർനിമേഷ് ദുബെയിലൂടെ അർണാബ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. നവംബർ നാലിന് മുംബൈയിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം അർണാബ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അദ്ദേഹത്തെ തങ്ങളുടെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന പൊലീസിന്റെ ആവശ്യം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.