ബിഹാറിൽ ആഭ്യന്തരം വേണമെന്ന് ബി.ജെ.പി; മുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ നിതീഷിന് വിമുഖത, സർക്കാർ രൂപീകരണം കീറാമുട്ടിയാവുന്നു
ബിഹാറിൽ എൻ.ഡി.എ സഖ്യം ഭരണം നിലനിർത്തിയെങ്കിലും സർക്കാർ രൂപീകരണം കീറാമുട്ടിയായി തുടരുന്നു. മുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ നിലവിലെ മുഖ്യമന്ത്രി കൂടിയായ നിതീഷ് കുമാർ വിമുഖത കാട്ടിയതോടെ എൻ.ഡി.എയിൽ പ്രതിസന്ധി തുടങ്ങി.
ജെ.ഡി.യുവിനെക്കാൾ സീറ്റ് ബി.ജെ.പി നേടിയതിന് പിന്നാലെ ബിഹാറിൽ സഖ്യത്തിൽ വിള്ളിലുകൾ ഉണ്ടായിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെയാവണമെന്നും എന്നാൽ ആഭ്യന്തരവും വിദ്യാഭ്യാസവുമടക്കം പ്രധാന വകുപ്പുകൾ പാർട്ടിക്ക് വേണമെന്നുമാണ് ബി.ജെ.പി നിലപാട്.
മുതിര്‍ന്ന ബി.ജെ.പി നേതാക്കൾ നിതീഷുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പദം വീതിക്കുന്ന കാര്യത്തിലും സുപ്രധാന വകുപ്പുകളുടെ കാര്യത്തിലും ഇരു പാര്‍ട്ടികൾക്കുമിടയിൽ ചര്‍ച്ച നടക്കുന്നതായാണ് വിവരം.
എന്നാൽ എൽ.ജെ.പിയുമായി ബി.ജെ.പി സഖ്യം തുടരുന്നതിൽ ജെ.ഡി.യുവിനുള്ള അതൃപ്തിയും പ്രശ്നമാകും.
ദീപാവലിക്ക് ശേഷമേ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഒരു അന്തിമ തീരുമാനത്തിലേക്ക് പോകൂവെന്ന് ഇതിനകം തന്നെ ഇരു പാര്‍ട്ടി നേതാക്കന്മാരും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സീറ്റ് നിലയിൽ ബി.ജെ.പിയുടെ പിന്നിലായിപ്പോയ ജെ.ഡി.യുവിന് മുഖ്യമന്ത്രി പദം നൽകിയാലും അഞ്ച് വര്‍ഷത്തേക്ക് തികച്ച് നൽകാൻ ബി.ജെ.പി തയ്യാറായേക്കില്ല.

