മുന്നോക്ക സംവരണത്തിൽ പ്രതിഷേധം; ഡി.വൈ.എഫ്.ഐയിൽ നിന്ന് വനിത ദളിത് നേതാവ് രാജിവെച്ചു
ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് വൈസ് പ്രസിഡൻറും ടൗൺ മേഖല പ്രസിഡൻറുമായിരുന്ന ശ്രീകല ഗോപിയാണ് പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്.
താൻ ഉൾപ്പെടെയുള്ള ദളിത് വിഭാഗങ്ങളുടെ അവകാശ അട്ടിമറിയിൽ പ്രതിഷേധിച്ചാണ് സംഘടനയിൽനിന്ന് പുറത്ത് പോകുന്നതെന്നും മുന്നോക്ക സംവരണത്തിനെതിരായ സമരങ്ങളിൽ സജീവമാകാനാണ് തീരുമാനമെന്നും ശ്രീകല ഗോപി വ്യക്തമാക്കി.
സംഘപരിവാർ അജണ്ട സിപിഎം നേതൃത്വം നൽകുന്ന സർക്കാർ നടപ്പിലാക്കുന്നത് പ്രതിഷേധാർഹമാണ്. രാജിവെച്ചെങ്കിലും തത്കാലം മറ്റ് പാർട്ടികളിലേക്കില്ലെന്നാണ് ശ്രീകലയുടെ നിലപാട്.
എസ്എഫ്ഐയിലൂടെയാണ് ശ്രീകല സംഘടന പ്രവർത്തനം ആരംഭിച്ചത്. ഡിവൈഎഫ്ഐ ഭാരവാഹിത്വത്തിന് പുറമെ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി അംഗം, സിപിഎം ചെങ്ങന്നൂർ മൂലെപ്പടവ് ബ്രാഞ്ച് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

