ജീവൻ അപകടത്തിലാണ്, ജാമ്യം ലഭിക്കാൻ സുപ്രീം കോടതി ഇടപെടണം; ജയിലിലേക്ക് പോകവെ അർണബിന്റെ രോദനം
ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായി ജയിലിലേക്ക് കൊണ്ടുപോകവെ തന്റെ ജീവൻ അപകടത്തിലാണെന്നും രക്ഷിക്കണമെന്നും കരഞ്ഞപേക്ഷിച്ച് റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി.
തൻെറ ജീവൻ അപകടത്തിലാണ്. അഭിഭാഷകരോട് സംസാരിക്കാൻ അനുവദിക്കുന്നില്ല. എനിക്ക് ജാമ്യം ലഭിക്കാൻ സുപ്രീംകോടതി ഇടപെടണമെന്ന് അപേക്ഷിക്കുന്നെന്നും തലോജ ജയിലിലേക്ക് കൊണ്ടുപോകവേ പൊലീസ് വാനിൽ നിന്നും അർണബ് പറഞ്ഞു.
ഇൻറീരിയർ ഡിസൈനർ അൻവയ് നായികും മാതാവ് കുമുദ് നായികും 2018ൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അർണബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. റായിഗഡ് ജയിലിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് അർണബ് ഗോസ്വാമിയെ പാർപ്പിച്ചിരുന്നത്.
എന്നാൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് അർനബ് ഗോസ്വാമിയെ തലോജ ജയിലിലേക്ക് മാറ്റുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നരത്ത് അർണബ് സമൂഹികമാധ്യമങ്ങളിൽ സജീവമായിട്ടുള്ള വിവരം റായ്ഗഡ് ക്രൈംബ്രാഞ്ച് പൊലിസിന്റെ ശ്രദ്ധയിൽപ്പെട്ടു. മറ്റാരുടേയോ മൊബൈൽ ഫോണിലായിരുന്നു അർണബിന്റെ സമൂഹികമാധ്യമങ്ങളിലെ ഇടപെടൽ.
ബുധനാഴ്ച വറളിയിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ പൊലീസ് അർണാബിന്റെ ഫോൺ പിടിച്ചെടുത്തിരുന്നു. അർണബിന് ഫോൺ ലഭിച്ചത് എങ്ങനെയാണെന്നത് കണ്ടെത്താനുള്ള അന്വേഷണത്തിലാണന്നും പോലിസ് പറഞ്ഞു.

