“പടച്ചവൻ വലിയവനാണ് ചക്കിന് വെച്ചത്…”: കമറുദ്ദീൻെറ അറസ്റ്റിൽ പ്രതികരിച്ച് കെ.ടി ജലീൽ
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീൻ എംഎൽഎയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ. പടച്ചവൻ വലിയവനാണ്. “ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു” എന്ന് ജലീൽ ഫേസ്ബുകിൽ കുറിച്ചു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടും പ്രോട്ടോക്കോൾ ലംഘനക്കേസിലും ജലീലിനെതിരെ നിരന്തരം ആരോപണം ഉന്നയിച്ചിരുന്ന മുസ്ലിം ലീഗിനെ പരിഹസിച്ചുകൊണ്ടുള്ളതാണ് ജലീലിൻെറ പ്രതികരണം.
കമറുദ്ദീനെ കാസർഗോഡ് എസ്.പി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഉണ്ടാവുമെന്ന് നേരത്തെ എ.എസ്.പി അറിയിച്ചിരുന്നു.
രാവിലെ 10:30 ഓടെയാണ് എം.സി കമറുദ്ദീൻ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.പി വിവേക് കുമാറിന്‍റെ നേതൃത്വത്തിലാണ് എം.എല്‍.എയെ ചോദ്യം ചെയ്തത്. ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച സ്വർണവും പണവും നിക്ഷേപകർക്ക് തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് എം.സി കമറുദ്ദീൻ എം.എൽ എയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.