• Breaking News

    തദ്ദേശതിരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തീയതികളിൽ; വോട്ടെണ്ണൽ 16-ന്

    Local elections on December 8,10,14; Counting of votes on the 16th , www.thekeralatimes.com

    സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി ഡിസംബർ 8,10,14 തീയതികളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു. നവംബര്‍ 12-ന് വിജ്ഞാപനം പുറപ്പെടുവിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും.

    കോവിഡ് സാഹചര്യത്തിൽ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക. ഡിസംബർ എട്ട് (ഒന്നാം ഘട്ടം) ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ തിരഞ്ഞെടുപ്പ് നടക്കും. ഡിസംബർ പത്ത് (രണ്ടാം ഘട്ടം) വ്യഴാഴ്ച കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ തിരഞ്ഞെടുപ്പ് നടക്കും. ഡിസംബർ 14 ( മൂന്നാം ഘട്ടം) തിങ്കളാഴ്ച മലപ്പുറം. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തിരഞ്ഞെടുപ്പ് നടക്കും.

    ഡിസംബർ 16നാണ് വോട്ടെണ്ണൽ. വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകിട്ട് 6വരെയാണ്. രാവിലെ 8 മണിക്കു വോട്ടെണ്ണൽ ആരംഭിക്കും. 1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199 സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 6 മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ്.

    മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ തിരഞ്ഞെടുപ്പ് ഇല്ല. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ, ശാരീരിക അകലം എന്നിവ നിർബന്ധമാണ്. ഡിസംബർ 31നു മുമ്പ് ഭരണസമിതികൾ അധികാരത്തിലേറുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. അന്തിമ വോട്ടർപട്ടിക ഒക്ടോബർ ഒന്നിനു പ്രസിദ്ധീകരിച്ചിരുന്നു. 2,71,20,823 വോട്ടർമാരാണുള്ളത്. നവംബർ 10ന് അഡീ.വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 34774 പോളിങ് സ്റ്റേഷൻ സജ്ജമാക്കി.