ട്രഷറി തട്ടിപ്പ് കേസ്; പ്രതിയെ രക്ഷിക്കാൻ പിണറായി സർക്കാരിന്റെ ഗൂഢ ശ്രമം: രമേശ് ചെന്നിത്തല
ട്രഷറി തട്ടിപ്പ് കേസിലും പിണറായി സർക്കാരിന്റെ ഒത്തുകളി തുടരുകയാണെന്ന് രമേശ് ചെന്നിത്തല. സംസ്ഥാന ഖജനാവിൽ നിന്നും 2.73 കോടി രൂപ തട്ടിയ കേസിൽ പ്രതിക്ക് സ്വാഭാവിക ജാമ്യം നേടാൻ പൊലീസ് അവസരമൊരുക്കിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
കേസിന്റെ ഗൗരവം പരിഗണിച്ച് മജിസ്ട്രേറ്റ് കോടതി ഒരിക്കലും, ജില്ലാ കോടതി മൂന്നു തവണയും പ്രതിയുടെ ജാമ്യപേക്ഷ തള്ളിയിരുന്നു.സർക്കാർ പ്രതിക്കൂട്ടിലാകുമ്പോൾ പ്രതികളെ അറസ്റ്റ് ചെയ്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയും പിന്നീട് കുറ്റപത്രം നൽകാതെ അവർക്ക് ജാമ്യം എളുപ്പമാക്കുകയും ചെയ്യുന്ന പതിവ് രീതി തന്നെയാണ് ഇവിടെയും പിന്തുടർന്നത്. പൊതു ഖജനാവ് കൊള്ളയടിക്കപ്പെട്ട അതീവ ഗുരുതരമായ കേസിൽ സർക്കാർ കാണിക്കുന്ന ഉദാസീനത ദുരൂഹമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കേസ് ജില്ലാ ക്രൈം ബ്രാഞ്ചും, വിജിലൻസും അന്വേഷിക്കും എന്നാണ് സർക്കാർ അന്നു പറഞ്ഞിരുന്നത്. എന്നാൽ വിജിലൻസ് ഇതുവരെ കേസ് എടുക്കാൻ പോലും തയ്യാറായിട്ടില്ല. കേസിൽ സർക്കാരിലെ ഉന്നതർക്ക് പങ്കുണ്ടോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു. ഈ വിഷയത്തിൽ കൃത്യവിലോപം കാണിച്ച അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരേ സ്വതന്ത്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

