• Breaking News

    ഒരു ഇഡ്ഢലിയുടെ വില വെറും ഒരുരൂപ, ഒപ്പം രുചികരമായ സാമ്പാറും; തേടിയെത്തുന്നവരുടെ വയറും മനസും നിറച്ച് ഒരു മുത്തശ്ശി

    The price of an idli is just Rs. A grandmother who filled the belly and mind of the seekers,www.thekeralatimes.com


    ചെന്നൈ: ഇഡ്ഢലിക്ക് വെറും ഒരു രൂപ. ഒപ്പം വിളമ്പുന്നത് രുചികരമായ സാമ്പാര്‍. വിശക്കുന്നവര്‍ക്ക് വയറുനിറയുവോളം കഴിച്ച് മടങ്ങാം. കേട്ടിട്ട് അത്ഭുതപ്പെടേണ്ട. സംഗതി സത്യമാണ്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ഒരു നാടിന് അന്നം വിളമ്പുകയാണ് കമലാത്താല്‍ എന്ന മുത്തശ്ശി. ചെന്നൈ വടിവേലംപാളയത്ത് പോയിട്ടുള്ളവരാരും കമലത്താളിന്റെ ഇഡ്ഢലിയും സാമ്പാറും കഴിക്കാതെ മടങ്ങിയിട്ടുണ്ടാവില്ല. എണ്‍പതുകാരിയായ കമലത്താളിന്റെ ഇഡ്ഢലി അത്രയും ഫെയ്മസാണ്.

    തന്നെ തേടിയെത്തുന്നവര്‍ക്കെല്ലാം അവര്‍ ഇഡ്ഢലി നല്‍കും. ആവശ്യത്തിന് സാമ്പാറും. ഒരു രൂപ മാത്രമാണ് കമലത്താളിന്റെ ഇഡ്ഢലിയുടെ വില. കഴിഞ്ഞ മുപ്പത് വര്‍ഷമായി ഈ മുത്തശ്ശി ഇഡ്ഢലി വില്‍ക്കുന്നുണ്ട്. രാവിലെ സൂര്യനുദിക്കും മുമ്പ് ഉണരുന്ന കമലത്താള്‍ നേരെ പോകുന്നത് ആവശ്യമായ പച്ചക്കറി വാങ്ങുവാനാണ്. അതിന് മകന്റെയും സഹായം ഉണ്ടാകും. തിരികെ വന്നാലുടന്‍ തേങ്ങയും മറ്റും അമ്മിയിലും ആട്ടുകല്ലിലുമായി അരച്ചെടുക്കും. സാമ്പാറിനുള്ള കൂട്ടുകള്‍ തയ്യാറാക്കും. തലേന്ന് അരച്ചുവച്ച മാവെടുത്ത് ഇഡ്ഢലി ഉണ്ടാക്കും. അപ്പോഴേക്കും രൂചിയേറിയ സാമ്പാറും തയ്യാറായിട്ടുണ്ടാകും. ആയിരം ഇഡ്ഢലിവരെ ദിവസവും ഉണ്ടാക്കുന്നുണ്ട് കമലത്താള്‍.

    രാവിലെ ആറുമുതല്‍ വടിവേലപ്പാളയത്തെ കമലത്താളിന്റെ താമസസ്ഥലത്ത് തിരക്കുതുടങ്ങും. വീട്ടില്‍വച്ചുതന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നതും നല്‍കുന്നതുമെല്ലാം. ആവശ്യക്കാര്‍ ക്ഷമയോടെ വരിനില്‍ക്കും. ഭക്ഷണം മതിയാവോളം കഴിക്കും. വയറും മനസ്സും നിറഞ്ഞ് മടങ്ങും. എല്ലാവരെയും നിറപുഞ്ചിരിയോടെ വരവേല്‍ക്കുകയും മടക്കിയയക്കുകയും ചെയ്യും കമലാത്താള്‍. ‘കര്‍ഷകകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എല്ലാവരും കൃഷിയിടത്തിലേക്ക് പോകുമ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നു. അങ്ങനെയാണ് ഞാന്‍ ഇഡ്ഢലി ഉണ്ടാക്കി വില്‍ക്കാന്‍ ആരംഭിച്ചത്” – കമലത്താള്‍ പറയുന്നു.

    കൂട്ടുകുടുംബത്തില്‍ ജനിച്ചതിനാല്‍ ഒരുപാടുപേര്‍ക്ക് ആഹാരമുണ്ടാക്കുന്നത് തനിക്ക് ശ്രമകരമായി തോന്നിയിട്ടേയില്ലെന്ന് അവര്‍ പറയുന്നു. ആറ് കിലോ അരിയും ഉഴുന്നും അരച്ചെടുക്കാന്‍ നാല് മണിക്കൂറെടുക്കും. വൈകീട്ടുതന്നെ പിറ്റേദിവസത്തേക്കുള്ള മാവ് അരച്ചുവയ്ക്കും. ശുദ്ധമായ മാവ് മാത്രമേ ദിവസവും ഉപയോഗിക്കാറുള്ളുവെന്നും ഈ മുത്തശ്ശി പറയുന്നു. ഉച്ചവരെ കമലത്താളിന്റെ വീട്ടില്‍ ഇഡ്ഢലി വില്‍പ്പനയുണ്ടാകും. ആലിലയിലോ തേക്കിന്റെ ഇലയിലോ ആണ് ഭക്ഷണം നല്‍കുക. എല്ലവാരും വിലകൂട്ടി വില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇന്നുവരെ താന്‍ അതിന് തയ്യാറായിട്ടില്ല എന്ന് കമലത്താള്‍ പറയുന്നു. തന്നെ തേടിയെത്തുന്നവരെല്ലാം പാവപ്പെട്ടവരാണെന്നും 10, 15 രൂപ വച്ച് ചോദിച്ചാല്‍ ദിവസവും തരാന്‍ അവര്‍ക്കാവില്ലെന്നുമാണ് ഈ മുത്തശ്ശിയുടെ പക്ഷം. 10 വര്‍ഷം മുമ്പ് 50 പൈസയായിരുന്നു ഒരു ഇഡ്ഢലിയുടെ വില. പിന്നീടത് ഒരു രൂപയാക്കുകയായിരുന്നു. ഇനിയും വിലകൂട്ടാന്‍ ആവശ്യപ്പെട്ടാല്‍ മുത്തശ്ശി അതുതന്നെ ആവര്‍ത്തിക്കും ‘പാവങ്ങളല്ലേ’ എന്ന്. ലാഭമുണ്ടാക്കുകയല്ല ആളുകളുടെ വിശപ്പുശമിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഈ മുത്തശ്ശി പറയുന്നു. 200 രൂപവരെയാണ് കമലത്താളിന് ഒരു ദിവസം ലഭിക്കുന്ന ലാഭം. ഭാവിയിലും ആളുകള്‍ ആവശ്യപ്പെട്ടതിനാല്‍ ഉഴുന്നുവട കൂടി ഇഡ്ഢലിക്കൊപ്പം നല്‍കുന്നുണ്ടിപ്പോള്‍. ഇതിന് 2രൂപ 50 പൈസയാണ് വില.