• Breaking News

    അച്ഛന്റെ കൈപിടിച്ച് ആ മക്കളും സ്‌കൂളിലേക്ക്; അധ്യയന വര്‍ഷത്തിന്റെ ആദ്യദിനത്തില്‍ മക്കള്‍ക്കൊപ്പം സ്‌കൂളില്‍ പോകാന്‍ തടവുകാരന് അനുമതി- വീഡിയോ

    The children take their father's hand to school; Prisoner gets permission to go to school with children on first day of school - Video,www.thekeralatimes.com


    റാസ് അല്‍ ഖൈമ: അധ്യയന വര്‍ഷത്തിന്റെ ആദ്യദിനത്തില്‍ തന്റെ മക്കളോടൊപ്പം സ്‌കൂളില്‍ പോകാന്‍ തടവുകാരന് പ്രത്യേക അനുമതി. ഞായറാഴ്ച റാസ് അല്‍ ഖൈമ പോലീസ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പരമ്പരാഗത അറബ് വസ്ത്രം ധരിച്ച് ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പം ഈ യുവാവ് സ്‌കൂളിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണിത്. തടവുകാരനാണെങ്കിലും യുവാവിനൊപ്പം പോലീസ് അകമ്പടിയില്ല. പൂര്‍ണ സ്വാതന്ത്ര്യത്തോടെ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം സമയം ചിലവഴിക്കാന്‍ അദ്ദേഹത്തിന് അനുമതി നല്‍കിയിരിക്കുകയായിരുന്നു അധികൃതര്‍.

    ഒരു പോലീസുകാരന്റെ അകമ്പടിയോടെ ജയിലില്‍ നിന്നും ഇറങ്ങുന്ന യുവാവിന്റെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പുറത്തുകടക്കുന്നതിന് മുമ്പ് ജിപിഎസ് ട്രാക്കിംഗ് ബ്രേസ്ലെറ്റ് ഇദ്ദേഹത്തെ ധരിപ്പിക്കുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് ഇദ്ദേഹം കുട്ടികളുടെ ടിഫിന്‍ ബോക്‌സ് ഒരുക്കുന്നതും അവര്‍ക്ക് വസ്ത്രവും ചെരുപ്പും ഒക്കെ ധരിക്കുന്നതിന് സഹായം നല്‍കുന്നതും വീഡിയോയില്‍ കാണാം.

    ഒരു ചെറിയ സാമ്പത്തിക കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ താല്‍ക്കാലിക പോലീസ് തടങ്കലിലാണെന്നും അതിനാലാണ് ഇത്തരത്തില്‍ പുറത്ത് പോകുന്നതിന് ഒരു അവസരം നല്‍കിയതെന്നും ഒരു മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ പറയുന്നു. ഇലക്ട്രോണിക് ട്രാക്കിംഗ് ബ്രേസ്ലെറ്റിന്റെ സഹായത്തോടെയാണ് ഇത് സാധ്യമായതെന്ന് റാസ് അല്‍ ഖൈമ പോലീസ് ജനറല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുയിമി പറഞ്ഞു.

    കുടുംബവുമായും സമുദായവുമായും ഉള്ള ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും ഉറപ്പുനല്‍കുന്നതിനുമുള്ള യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നയത്തിന് അനുസൃതമായാണ് ഈ നീക്കം.കുട്ടികള്‍ പോലീസിനുള്ള നന്ദി അറിയിച്ചു. ‘സ്‌കൂളിലെ ആദ്യ ദിവസം പിതാവിനെ കാണാനും സംസാരിക്കാനും അദ്ദേഹത്തോടൊത്ത് സമയം ചിലവഴിക്കാനും കഴിഞ്ഞത് വളരെ അത്ഭുതകരമായി തോന്നുന്നുവെന്ന് കുട്ടികളിലൊരാള്‍ പ്രതികരിച്ചു.