യൂണിവേഴ്‌സിറ്റി കോളേജില്‍ മാത്രമല്ല ഇടിമുറിയുള്ളത്; ജ്യുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: യൂണിവോഴ്‌സിറ്റി കോളേജില്‍ മാത്രമല്ല ഇടിമുറികളുള്ളതെന്ന് സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍. തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലും കോഴിക്കോട് മടപ്പള്ളി കോളേജിലും ഇടിമുറികള്‍ ഉള്ളതായി വിദ്യാര്‍ത്ഥികള്‍ പരാതിപെട്ടുവെന്ന് ജസ്റ്റിസ് ഷംസുദീന്‍ കമ്മീഷന്‍ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് കമ്മീഷന്‍ ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ജുഡീഷ്യല്‍ നിയമ പരിപാലന സമിതി രുപീകരിക്കണമെന്നും ശുപാര്‍ശയുണ്ട്. യൂണിവേഴ്‌സിറ്റി കോളേജ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ‘സേവ് യൂണിവേഴ്‌സിറ്റി കോളേജ് ക്യംപെയ്ന്‍ കമ്മിറ്റി’യാണ് കമ്മീഷന്‍ രൂപീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ക്യാംപസുകളിലും പുറത്തുമായി ജുഡീഷ്യല്‍ കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജില്‍ മാത്രമല്ല കേരളത്തിലെ പല കോളേജുകളിലും വിദ്യാര്‍ത്ഥികളുടെ പേടിസ്വപ്‌നമായ ഇടിമുറികള്‍ ഉണ്ടെന്നാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.
ക്യാംപസിലെ രാഷ്ട്രീയം അതിരുകടക്കുന്ന രീതിയിലേക്ക് മാറുന്നുവെന്നാണ് കമ്മീഷന്റെ പ്രധാന കണ്ടെത്തല്‍. കേരളത്തിലെ ക്യാംപസുകളില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഉണ്ടാകുന്നുവെന്നും അതിന് ഗുരുതരമായ സ്വഭാവം കൈവന്നുവെന്നും കമ്മീഷന്‍ കണ്ടെത്തി. കോളേജുകളില്‍ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ തടയാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും കമ്മീഷന്‍ പറയുന്നു.
കോളേജ് പ്രിന്‍സിപ്പല്‍മാരും അധ്യാപകരും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒപ്പം നില്‍ക്കുന്ന നിലപാടാണ് പലയിടത്തും ഉള്ളതെന്നും ഇത് കര്‍ശനമായി തടയണമെന്നുള്ള നിര്‍ദ്ദേശവും കമ്മീഷന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ജനാധിപത്യ രീതിയിലുള്ള പ്രവര്‍ത്തന ശൈലി സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെ തയ്യാറാകണം. മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാന്‍ കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍ വേണം എന്നതാണ് കമ്മീഷന്റെ പ്രധാനപ്പെട്ട ശുപാര്‍ശ.