• Breaking News

    കുടിവെള്ളം മലിനമാക്കി കുമ്മി ജലവിതരണ കേന്ദ്രത്തിനു സമീപം മാലിന്യം തള്ളൽ വ്യാപകം


    അരുവിക്കര: അരുവിക്കര ഗ്രാമ പഞ്ചായത്തിലെ കുമ്മിയില്‍ മാലിന്യം തള്ളൽ വ്യാപകമായി. കരകുളം ഗ്രാമപഞ്ചായത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന കുമ്മി ജലവിതരണ കേന്ദ്രം, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, വാട്ടർ അതോറിറ്റിയുടെ 11 കെ.വി.സബ് സ്റ്റേഷൻ എന്നിവയ്ക്ക് സമീപത്താണ് ഇറച്ചിക്കോഴികളുടെ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത് വ്യാപകമായത്. ഇവിടങ്ങളിൽ കുന്നുകൂടുന്ന മാലിന്യങ്ങൾ നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ നിന്നും മലിനജലം ഒലിച്ചിറങ്ങുന്നത്  സമീപത്തെ കരമന ആറ്റിലേക്കാണ്. ഇവിടെ നിന്നുള്ള വെള്ളം പമ്പ് ചെയ്താണ്
    കരകുളത്തേക്ക് എത്തിക്കുന്നത്. നിത്യോപയോഗത്തിനായി  ഈ വെള്ളത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും നിറച്ചു കൊണ്ടുവരുന്ന മാംസാവശിഷ്ടങ്ങളടങ്ങുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ എത്തിച്ചാണ് പ്രദേശത്ത് തള്ളുന്നത്‌. കഴിഞ്ഞ 25-ന് രാത്രി ഇരുമ്പ മുതൽ കുമ്മി വരെയുള്ള റോഡിൽ കോഴി വേസ്റ്റ് ഉൾപ്പെടെയുള്ള ഇറച്ചിമാലിന്യങ്ങൾ പരസ്യമായി വലിച്ചെറിഞ്ഞിരുന്നു. രാവിലെ ഗതാഗതം പോലും തടസപ്പെട്ടുമെന്ന അവസ്ഥയിലായപ്പോൾ ഗ്രാമ പഞ്ചായത്ത് അധികൃതരെത്തി കൂലിക്ക് ആളെ നിർത്തി
    മാലിന്യങ്ങൾ റോഡിൽ നിന്നും മാറ്റി കുഴിച്ചുമൂടുകയായിരുന്നു. കാടുപിടിച്ച് കിടക്കുന്ന കുമ്മി പ്രദേശം പകൽ സമയത്ത് പോലും വിജനമാണ്. പേരൂർക്കട, വട്ടിയൂർക്കാവ്, കരകുളം, കാച്ചാണി എന്നിവിടങ്ങളിലുള്ളവർ അരുവിക്കര, വെള്ളനാട് എന്നിവിടങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാൻ യാത്ര ചെയ്യുന്നത്  ഇതുവഴിയാണ്. മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധം യാത്രക്കാർക്ക് അസഹനീയമായി. മാലിന്യങ്ങൾ തിന്നാനെത്തുന്ന തെരുവ്നായ്ക്കൾ കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ഭീഷണിയായി. കുടിവെള്ളം പമ്പ് ചെയ്യന്ന കുമ്മിയിലെ കരമനയാറ്റില്‍ തെരുവു നായ്ക്കള്‍ മാംസാവശിഷ്ടങ്ങളടങ്ങുന്ന മാലിന്യങ്ങൾ കടിച്ചു വലിച്ചിടുന്നതു കാരണം കുടിവെള്ളവും മലിനമാകുന്നുണ്ട്. അരുവിക്കര പഞ്ചായത്ത് ഭരണസമിതി ഈ മേഖലയില്‍ പലപ്രാവശ്യം ശുചീകരണ പ്രവര്‍ത്തനം നടത്തി. യുവജന പ്രസ്ഥാനങ്ങൾ ഇടയ്ക്ക് ഈ പ്രദേശം ശുചിയാക്കി ബോർഡുകൾ സ്ഥാപിച്ചെങ്കിലും  വീണ്ടും മാലിന്യങ്ങള്‍ തള്ളുന്നത് വ്യാപകമായി. വാട്ടർ അതോറിറ്റിയുടെ അധീതതയിലുള്ള പ്രദേശങ്ങൾ കാടുപിടിച്ച് കിടക്കുന്നതു കാരണം വിജനമായ ഇവിടെ മാലിന്യങ്ങൾ തള്ളാൻ എത്തുന്ന അന്യദേശവാസികളുടെ എണ്ണം കൂടുകയാണ്. അടിയന്തിരമായി കാട് വെട്ടിത്തെളിക്കണമെന്ന് പഞ്ചായത്ത് അധികൃതരും നാട്ടുകാരും നിരവധി തവണ വാട്ടർ അതോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. റോഡിൽ പരസ്യമായി മാലിന്യം തളളിയവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐ.മിനി അരുവിക്കര പോലീസിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പോലീസ് അധികൃതർ പറഞ്ഞു.