• Breaking News

    ടാറിങ് തകർന്നു; ഉറിയാക്കോട് 'എസ് 'വളവിൽ അപകടം പതിവ്



    വെള്ളനാട്: വെള്ളനാട് - പൂവച്ചൽ റോഡിലെ ഉറിയാക്കോട് ജങ്ഷനിൽ ടാറിങ് തകർന്നത് അപകടകെണിയാകുന്നു. നിരവധി വാഹനങ്ങളാണ് ദിവസവും ഇവിടെ അപകടത്തിൽപെടുന്നത്.  'എസ് ' വളവുള്ള പ്രദേശത്ത് പൂവച്ചലിൽ നിന്ന് വരുന്ന വാഹനങ്ങൾ ജങ്ഷനിൽ എത്തുമ്പോഴാണ് മുന്നിൽ ഗട്ടർ ഉണ്ടെന്ന് അറിയുന്നത്. തുടർന്ന് പെട്ടെന്ന് വേഗത കുറയ്ക്കാൻ ശ്രമിക്കുമ്പോഴാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നതെന്ന് നാട്ടുകാർ. മുളയറയിൽ നിന്നും ഉറിയാക്കോട് വഴി വെള്ളനാട്ടേക്ക് വരുന്നതിനായി തിരിയുന്ന വാഹനങ്ങളും ഇവിടെ അപകടത്തിൽപെടുന്നുണ്ട്. 
    ഇരുചക്രവാഹനങ്ങൾ ആണ് അപകടത്തിൽപെടുന്നതിൽ അധികവും. ജങ്ഷനിൽ ടാറിങ് തകർന്നിട്ട്  മാസങ്ങളായി. 

    കൊടുംവളവായ ഇവിടെ ആറു മാസത്തിനിടെ മുപ്പതിലധികം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ടെന്ന് സമീപത്തെ ഓട്ടോസ്റ്റാന്റിലെ ഡ്രൈവർമാർ പറഞ്ഞു. മുൻപ് മുളയറ–ഉറിയാക്കോട് റോഡിന്റെ നവീകരണത്തിനായി ഇറക്കിയ മെറ്റലുകൾ ജങ്ഷനിൽ അപകടത്തിന് ഇടയാക്കിയിരുന്നു. ഉറിയാക്കോടിലെ 'എസ് 'വളവ് നിവർത്തണം എന്ന യാത്രക്കാരുടെ ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. റോഡ് നവീകരിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ പൊതുമരാമത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് ഉടനടി ഉണ്ടാകണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.