• Breaking News

    നടി ആക്രമിക്കപ്പെട്ട കേസ്: പ്രതിഭാഗത്തിന്റെ പ്രാരംഭ വാദം ഇന്ന് തുടരും

    Actress Attacked Case: Defendant's initial hearing will continue today,www.thekeralatimes.com


    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രത്തിന്മേലുള്ള പ്രതിഭാഗത്തിന്റെ പ്രാരംഭവാദമാണ് കോടതിയിൽ പുരോഗമിക്കുന്നത്. തെളിവായ ദൃശ്യങ്ങളൾ ഫോറൻസിക് ലാബോറട്ടറിയിൽ അയച്ച് പരിശോധിക്കാനുള്ള അപേക്ഷ ദീലീപ് ഇന്ന് സമർപ്പിച്ചേക്കും.

    പ്രോസിക്യൂഷൻ വാദം നേരത്തെ പൂർത്തിയായിരുന്നു. കേസിലെ എട്ടാം പ്രതി നടൻ ദിലീപ്, രണ്ടാം പ്രതി മാർട്ടിൻ എന്നിവരുടെ പ്രാഥമിക വാദമാണ് പൂർത്തിയാകാനുള്ളത്. ഇന്ന് വാദം പൂർത്തികരിക്കാനാണ് വിചാരണക്കോടതി നിർദേശിച്ചിരുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതി അനുമതിയോടെ ദിലീപ് അടക്കമുള്ള പ്രതികൾ പരിശോധിച്ചിരുന്നു. ദിലീപിനു പുറമേ പ്രതികളായ സുനിൽ കുമാർ, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സനൽകുമാർ എന്നിവർക്കായിരുന്നു പ്രോസിക്യൂഷൻ സാന്നിധ്യത്തിൽ ദൃശ്യം പരിശോധിക്കാൻ അനുവാദം നൽകിയത്.

    ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രിംകോടതി ഉത്തരവ്. പ്രാരംഭ വാദം പൂർത്തിയാക്കാൻ കൂടുതൽ സമയം പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിരാകരിച്ചിരുന്നു. ഇത് അന്തിമ വിചാരണ തുടങ്ങാൻ തടസമല്ലെന്നാണ് പ്രോസിക്യൂഷൻ വാദം. ദൃശ്യങ്ങളുടെ ക്ലോൺഡ് പകർപ്പ് പരിശോധനയ്ക്ക് അയാക്കാനാണ് ദീലീപിന് അനുമതിയുള്ളത്. സുപ്രിംകോടതി നിർദേശിച്ചതൊഴികെയുള്ള ഡിജിറ്റൽ രേഖകൾ പരിശോധിക്കണമെന്ന ആവശ്യവും ദീലീപ് ഉന്നയിക്കും. ഇതിനായി കൂടുതൽ സമയം അനുവദിക്കണമെന്നാണ് പ്രതിഭാഗം വാദം. എന്നാൽ, വിചാരണ വൈകിപ്പിക്കാനാണ് പ്രതിഭാഗം ശ്രമമെന്ന് പ്രോസിക്യൂഷൻ നിലപാട്.