ക്ഷേത്ര ഭണ്ഡാരത്തിലെ പണം മോഷ്ടിച്ച സംഭവം; ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറെ സസ്‌പെൻഡ് ചെയ്തു
പമ്പ: ഭണ്ഡാരത്തിലെ പണം മോഷ്ടിച്ച സംഭവത്തിൽ ദേവസ്വം അസിസ്റ്റന്റ് കമീഷണർ ജെ വി ബാബുവിനെ സസ്‌പെൻഡ് ചെയ്തു. പമ്പ ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലെ പണമാണ് ജെ വി ബാബു മോഷ്ടിച്ചത്. ജെ വി ബാബു പണം മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഭണ്ഡാരത്തിൽ നിന്നും പണം മോഷ്ടിച്ചു എന്ന ആരോപണത്തെ തുടർന്ന് ബാബുവിനെ സന്നിധാനം ഭണ്ഡാരം സ്പെഷ്യൽ ഓഫീസർ ആയി നിയമിച്ച ഉത്തരവ് നേരത്തെ ബോർഡ് റദ്ദാക്കിയിരുന്നു. പണം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ വന്നതിന് പിന്നാലെയാണ് സന്നിധാനം ഭണ്ഡാരം സ്പെഷ്യൽ ഓഫീസർ ചുമതലയിൽ നിന്നും ഇയാളെ മാറ്റിയത്.
ദേവസ്വം വിജിലൻസിന്റെ പ്രത്യേക പരിശോധനയും സിസിടിവി ദൃശ്യങ്ങളും കൂടി പരിശോധിച്ച ശേഷമാണ് ഇയാളെ സസ്‌പെൻഡ് ചെയ്യാൻ ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചത്. മോഷണക്കുറ്റം ആയതിനാൽ ഇയാൾക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോട് ദേവസ്വം ബോർഡ് ആവശ്യപ്പെടും.
മണ്ഡലപൂജയ്ക്ക് ശബരിമല നട അടയ്ക്കുന്നതിന് രണ്ട് ദിവസം മുൻപാണ് പമ്പ ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നും 50,000 രൂപ ഇയാൾ മോഷ്ടിച്ചു എന്ന ആരോപണം ഉയർന്നത്. തുടർന്ന് ദേവസ്വം വിജിലൻസ് ആണ് അന്വഷണം നടത്തിയത്. ജെ വി ബാബു ഭണ്ഡാരത്തിൽ നിന്നും പണം അപഹരിക്കുന്നതിന്റെ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ദേവസ്വം വിജിലൻസ് ശേഖരിക്കുകയും സാക്ഷി മൊഴികൾ അടക്കം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ജെ വി ബാബു മുൻപും സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിരുന്നതായും ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

