ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ജനറൽ ബിപിൻ റാവത്തിനെ നിയമിച്ചു
കര, നാവിക, വ്യോമസേനാ തലവൻമാരുടെ മേധാവിയായി, സർവസൈന്യാധിപനായ രാഷ്ട്രപതിയുടെ കീഴിൽ മൂന്ന് സേനകളെയും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി കരസേന മേധാവി ബിപിൻ റാവത്തിനെ നിയമിച്ചു. ഇദ്ദേഹം നാളെ കരസേനാ മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കും.
ഫോർ സ്റ്റാർ ജനറൽ പദവിയിലാകും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ നിയമനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനമായിരുന്നു സിഡിഎസ്. 65 വയസ് വരെ പ്രായമുള്ളവര്‍ക്കേ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി.
മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതൽ ഈ ജനറലിനാകും. പ്രതിരോധമന്ത്രിയുടെ പ്രിൻസിപ്പൽ മിലിട്ടറി ഉപദേശകനും ഇനി ബിപിൻ റാവത്തായിരിക്കും. ബിപിൻ റാവത്ത് ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടും എന്നും നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

