• Breaking News

    പ്രതിഷേധക്കാര്‍ പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞ മീററ്റ് എസ്‍പിക്കെതിരെ അടിയന്തര നടപടി വേണമെന്ന് മുഖ്താർ അബ്ബാസ് നഖ് വി

    Mukhtar Abbas Naqvi calls for immediate action against Meerut SP,www.thekeralatimes.com


    പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരോട് പാകിസ്ഥാനിലേക്ക് പോകാനാന്‍ ആവശ്യപ്പെട്ട മീററ്റ് എസ്‍പിക്കെതിരെ കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ് വി. മീററ്റ് എസ്പിയുടെ വാക്കുകള്‍ അപലപനീയമാണെന്നും എസ്‍പിക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നും മുഖ്താർ അബ്ബാസ് നഖ് വി ആവശ്യപ്പെട്ടു. ഇതാദ്യമായാണ് എസ്‍പിക്കെതിരെ ഒരു ബിജെപി നേതാവ് പ്രതികരിക്കുന്നത്. അതേസമയം എസ്‍പിയെ പിന്തുണച്ച് മീററ്റ് എഡിജിപി ഇന്നലെ രംഗത്തെത്തിയിരുന്നു.

    ഇന്നലെയാണ് മീററ്റ് എസ്‍പി അഖിലേഷ് നാരായൺ സിംഗ് പ്രതിഷേധക്കാരോട് പാകിസ്ഥാനിലേക്ക് പോകൂ എന്ന് ആക്രോശിക്കുന്ന വീഡിയോ പുറത്തുവന്നത്. മീററ്റ് ജില്ലയിലെ ക്രമസമാധാനപാലനത്തിനുള്ള പൊലീസ് സംവിധാനത്തിൽ രണ്ടാമനാണ് അഖിലേഷ് നാരായൺ സിംഗ്. കയ്യിൽ റയട്ട് പൊലീസിന്‍റെ ലാത്തിയുമായാണ് എസ്‍പി പൗരൻമാരെ ഭീഷണിപ്പെടുത്തുന്നത്.  വൻ പൊലീസ് സംഘത്തിനൊപ്പമെത്തിയായിരുന്നു എസ്‍പിയുടെ ഭീഷണി.

    ”നിങ്ങളോട് പറയുകയാണ് ഞാൻ, ഓർത്തോ, അവരോടും പറഞ്ഞോ, ഇങ്ങനെ ഇവിടെ നിൽക്കണ്ട. പാകിസ്ഥാനിലേക്ക് പൊയ്ക്കോ. നിങ്ങളുടെ ഭാവി സെക്കന്‍റുകൾക്കുള്ളിൽ ഇരുളിലാക്കാൻ ഞങ്ങൾക്ക് കഴിയും. കയ്യിൽ കറുപ്പോ, മഞ്ഞയോ ബാൻഡ് കെട്ടിയവരൊക്കെ പാകിസ്ഥാനിലേക്ക് പോ. ഇന്ത്യയിൽ ജീവിക്കണ്ടേ? വേണ്ടെങ്കിൽ പോ പാകിസ്ഥാനിലേക്ക്. ഇവിടെ ജീവിച്ച് വേറെ ആരെയെങ്കിലും വാഴ്‍ത്തിപ്പാടാൻ ഉദ്ദേശിച്ചാൽ അത് നടപ്പില്ല. എന്നായിരുന്നു എസ്പിയുടെ ഭീഷണി. വീ‍ഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധിപ്പേരാണ് എസ്‍പിക്കെതിരെ രംഗത്തെത്തിയത്.