ഇന്ത്യയിലേത് ഫാസിസ്റ്റ് സര്‍ക്കാര്‍; പ്രതിഷേധങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇന്ത്യ സൈനിക നീക്കം നടത്തിയേക്കാമെന്നും ഇമ്രാന്‍ ഖാന്‍
പൗരത്വ നിയമഭേദഗതി നിയമം ഇന്ത്യന്‍ സര്‍ക്കാരിന്റെ യഥാര്‍ത്ഥ അജണ്ട തുറന്നു കാട്ടുന്നതാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു-ക്രൈസ്തവ-ജൈന-സിഖ്-ബുദ്ധ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ സര്‍ക്കാരിന്റെ തനി നിറം പുറത്തു കൊണ്ടു വന്നിരിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സൈനിക നീക്കം നടത്താന്‍ സാധ്യതയുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അന്താരാഷ്ട്ര സമൂഹവും മനുഷ്യാവകാശ സംഘടനകളും ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
നോര്‍ത്ത് അമേരിക്കയിലെ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് പാക്കിസ്ഥാനി ഡീസന്റ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (എ.പി.പി.എന്‍.എ) യോഗത്തില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

