ജയില്‍ ബിരിയാണിക്ക് 70, ചിക്കന്‍ കറിയ്ക്ക് 30; ജയില്‍ വിഭവങ്ങള്‍ക്ക് വില കൂടും
പുതുവര്‍ഷത്തില്‍ ജയില്‍ വിഭവങ്ങള്‍ക്ക് വില കൂടുന്നു. ജയിലില്‍ തടവുകാര്‍ ഉത്പാദിപ്പിക്കുന്ന ഇഡ്ഡലി മുതല്‍ ബിരിയാണി വരെയുള്ള വിഭവങ്ങള്‍ക്ക് ജനുവരി 1 മുതല്‍ വില കൂടും. ജയില്‍ വിഭവങ്ങള്‍ക്കു വില വര്‍ദ്ധിപ്പിച്ചു കൊണ്ടു ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിംഗ് ഉത്തരവിറക്കി.
ഏറ്റവുമധികം ആവശ്യക്കാരുള്ള ചപ്പാത്തി (20 രൂപ), വെജിറ്റബിള്‍ ബിരിയാണി (40 രൂപ) എന്നിവയ്ക്കു വില വര്‍ദ്ധനയില്ല. കായ വറുത്തതിന്റെ വില പ്രാദേശിക ലഭ്യതയ്ക്കനുസരിച്ചു ജയിലുകള്‍ക്കു തീരുമാനിക്കാം. മറ്റുള്ളവയുടെയെല്ലാം വില ഏകീകരിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടാണു വില വര്‍ദ്ധനയ്ക്ക് അനുമതി തേടി ജയില്‍ വകുപ്പിനെ സമീപിച്ചിരുന്നത്.
ഇനം, പുതിയ വില, പഴയ വില എന്ന ക്രമത്തില്‍:
- ചിക്കന്‍ ബിരിയാണി 70 (60)
- ചിക്കന്‍ കറി 30 (25)
- ചില്ലി ചിക്കന്‍ 50 (40)
- കപ്പയും ബീഫും 70 (60)
- മുട്ടക്കറി 20 (15)
- ഇഡ്ഡലി 3 (2)
- ബ്രഡ് 25 (22)

