• Breaking News

    പുതുച്ചേരി നികുതി വെട്ടിപ്പ്; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം നല്‍കി, വ്യാജരേഖ ചമച്ചെന്ന് ക്രൈം ബ്രാഞ്ച്

    Puducherry tax evasion Suresh Gopi files criminal chargesheet, Crime Branch,www.thekeralatimes.com


    പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ രണ്ട് ആഡംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം നല്‍കി. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയത്.

    നികുതി വെട്ടിക്കാന്‍ സുരേഷ് ഗോപി വ്യാജരേഖ ചമച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. 60-80 ലക്ഷം രൂപ വിലയുള്ള കാറുകള്‍ നികുതി വെട്ടിച്ച് രജിസ്റ്റര്‍ ചെയ്തെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. പുതുച്ചേരി, എല്ലെപ്പിള്ളൈ ചാവടിയിലെ കാര്‍ത്തിക അപ്പാര്‍ട്ട്മെന്റില്‍ താത്കാലിക താമസക്കാരനാണെന്നു വ്യാജരേഖ ചമച്ചാണു തട്ടിപ്പെന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിലാസത്തില്‍ എല്‍.ഐ.സി. പോളിസിയും നോട്ടറിയില്‍ നിന്നു വ്യാജസത്യവാങ്മൂലവും സംഘടിപ്പിച്ചാണു വാഹനം രജിസ്റ്റര്‍ ചെയ്തത്. വ്യാജമുദ്രയും പതിപ്പിച്ചു.

    ഏഴുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ജാമ്യം നേടിയ സുരേഷ് ഗോപിയെ 2018 ജനുവരി 15-നു ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

    വാഹനനികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരങ്ങളായ ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവര്‍ക്കെതിരെയും ക്രൈംബ്രാഞ്ച് നേരത്തേ കേസെടുത്തിരുന്നു. എന്നാല്‍ ഫഹദ് പിഴയടച്ച് കേസ് ഒത്തുതീര്‍പ്പാക്കി.

    അമലാ പേള്‍ ബംഗളുരുവില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ തമിഴ്നാട്ടിലാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ കേരളത്തിലെ ക്രൈംബ്രാഞ്ചിനു കേസെടുക്കാന്‍ കഴിയാതെ നടപടി അവസാനിപ്പിച്ചു. എന്നാല്‍, സുരേഷ് ഗോപിയുടെ കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത്, തിരുവനന്തപുരത്താണ് ഉപയോഗിച്ചിരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഒരു വാഹനം ഡല്‍ഹിയിലേക്കും മറ്റൊന്ന് ബംഗളുരുവിലേക്കും മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.