• Breaking News

    ബിഹാറില്‍ സീറ്റിനെച്ചൊല്ലി ജെ.ഡി.യു-ബി.ജെ.പി തര്‍ക്കം തുടങ്ങി; ഇത്തവണ 50:50 നടക്കില്ലെന്ന് പ്രശാന്ത് കിഷോര്‍; പ്രതികരിച്ച് ബി.ജെ.പി

    JD (U)-BJP feuding over seat in Bihar Prashant Kishore refuses to meet 50:50 BJP in response,www.thekeralatimes.com


    പട്‌ന: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ ബി.ജെ.പി-ജെ.ഡി.യു സഖ്യത്തില്‍ തമ്മിലടി മൂര്‍ച്ഛിക്കുന്നു. ജെ.ഡി.യുവിന് ഇത്തവണ ബി.ജെ.പിയേക്കാള്‍ സീറ്റ് മത്സരിക്കാന്‍ വേണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാരിന്റെ നിശിത വിമര്‍ശകനും ജെ.ഡി.യു നേതാവുമായ പ്രശാന്ത് കിഷോറാണു കാര്യങ്ങള്‍ക്കു തുടക്കമിട്ടത്.

    ബി.ജെ.പിയേക്കാള്‍ വലിയ പാര്‍ട്ടിയാണ് ജെ.ഡി.യുവെന്നും അവരേക്കാള്‍ എം.എല്‍.എമാര്‍ തങ്ങള്‍ക്കുണ്ടെന്നും കിഷോര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണയുണ്ടായ സീറ്റ് വിഹിത ഫോര്‍മുല ഇത്തവണ അംഗീകരിക്കാനാവില്ലെന്നും പാര്‍ട്ടി ഉപാധ്യക്ഷന്‍ കൂടിയായ കിഷോര്‍ വ്യക്തമാക്കി.

    കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ 50:50 ഫോര്‍മുല ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

    ‘ബിഹാറില്‍ നിതീഷ് കുമാറാണ് എന്‍.ഡി.എയുടെ മുഖം. അതുകൊണ്ടുതന്നെ 50:50 ഫോര്‍മുല നടക്കില്ല. ജെ.ഡി.യുവിന്റെ കണക്കുകള്‍ ബി.ജെ.പിയുടേതിനെക്കാള്‍ കൂടുതലാണെന്നത് ആര്‍ക്കും തള്ളിക്കളയാനാവുന്നതല്ല.

    സീറ്റിന്റെ എണ്ണത്തെക്കുറിച്ചല്ല, അനുപാതത്തെക്കുറിച്ചാണു ഞാന്‍ സംസാരിക്കുന്നത്,’ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കൂടിയായ കിഷോര്‍ പറഞ്ഞു.

    എന്നാല്‍ കിഷോറിന്റെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. ബി.ജെ.പി അച്ചടക്കത്തിലാണു വിശ്വസിക്കുന്നതെന്നും തങ്ങള്‍ പരസ്യ പ്രസ്താവന നടത്തുന്നില്ലെന്നും ബി.ജെ.പി വക്താവ് നിഖില്‍ ആനന്ദ് പറഞ്ഞു.

    പാര്‍ട്ടിയുടെ ഉന്നത നേതൃത്വം ചര്‍ച്ച ചെയ്താണ് 2020-ലെ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

    കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 50:50 ഫോര്‍മുല ആദ്യം അംഗീകരിക്കാതിരുന്ന ജെ.ഡി.യുവിനെ ബി.ജെ.പി ദേശീയാധ്യക്ഷനും ഇന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ നേരിട്ടെത്തിയാണ് സമവായത്തിലെത്തിച്ചത്.

    ഇരുപാര്‍ട്ടികളും അതോടെ 17 സീറ്റുകളില്‍ മത്സരിച്ചു. ആറ് സീറ്റുകളാണു മറ്റൊരു സഖ്യകക്ഷിയായ എല്‍.ജെ.പിക്കു ലഭിച്ചത്.