• Breaking News

    അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ധിപ്പിച്ചു; 29.76 കോടി അനുവദിച്ചതായി ശൈലജ ടീച്ചര്‍

    Increased honorarium of Anganwadi workers; Shalaja teacher says Rs.29.76 crores has been allotted,www.thekeralatimes.com

    സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും ഓണറേറിയം വര്‍ധിപ്പിച്ച് ഉത്തരവായതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. അങ്കണവാടി വര്‍ക്കര്‍, മിനി അങ്കണവാടി വര്‍ക്കര്‍, അങ്കണവാടി ഹെല്‍പ്പര്‍ എന്നിവരുടെ പ്രതിമാസ ഓണറേറിയം യഥാക്രമം 12,000, 11,000, 8,000 രൂപയായാണ് വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ച ഓണറേറിയം നല്‍കുന്നതിനായി 29,76,48,000 രൂപ ബജറ്റ് വിഹിതത്തില്‍ നിന്നും അനുവദിച്ചിട്ടുണ്ടെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
    അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെയാണുള്ളതെങ്കിലും ബഹുഭൂരിപക്ഷം തുകയും സംസ്ഥാനമാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അങ്കണവാടി വര്‍ക്കര്‍മാരുടെ ഓണറേറിയം 4,500 രൂപയായും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 2,250 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ 60 ശതമാനം തുകയായ 2,700 രൂപയും 1,350 രൂപയും മാത്രമാണ് യഥാക്രമം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ബാക്കി വരുന്ന അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള 9,300 രൂപയും ഹെല്‍പ്പര്‍മാര്‍ക്കുള്ള 6,650 രൂപയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.