• Breaking News

    മരട് ഫ്‌ളാറ്റ് പൊളിക്കല്‍: സ്ഫോടക വസ്തുക്കള്‍ നാളെ എറണാകുളത്ത് എത്തും; പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍

    Demolition of wooden flat: Explosives to arrive in Ernakulam tomorrow Experts say there is no need for locals to worry,www.thekeralatimes.com


    മരട് ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്നതിനുള്ള സ്ഫോടകവസ്തുക്കള്‍ തിങ്കളാഴ്ച എറണാകുളത്ത് എത്തും. മൂന്നാം തീയ്യതിയോടെ സ്‌ഫോടകവസ്തുക്കള്‍ നിറക്കുന്നത് ആരംഭിക്കും. അതേ, സമയം ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ സമീപവാസികള്‍ക്ക് ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ചു.

    നാഗ്പുരില്‍ നിന്ന് കൊണ്ടു വന്ന സ്‌ഫോടകവസ്തുക്കള്‍ പാലക്കാട് സൂക്ഷിച്ചിരിക്കുകയാണ്. നാളെ അങ്കമാലിക്കടുത്തുള്ള മഞ്ഞപ്രയിലെ സംഭരണശാലയിലേക്ക് സ്‌ഫോടകവസ്തുക്കള്‍ എത്തിക്കും. രണ്ടു ദിവസത്തിനുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറക്കുന്നതിനുള്ള ദ്വാരങ്ങള്‍ നിര്‍മിക്കുന്ന ജോലി പൂര്‍ത്തിയാകും.

    സ്‌ഫോടനം നടത്താന്‍ തീരുമാനിച്ച നിലകളിലെ എല്ലാ തൂണുകളിലും സ്‌ഫോടനം നടത്തും. സ്‌ഫോടനത്തിന് ശേഷം അവശിഷ്ടങ്ങള്‍ പുറത്തേക്ക് തെറിക്കാതിരിക്കാന്‍ ഇരുമ്പ് കമ്പികള്‍ കൊണ്ടും ജിയോ പാക്കുകള്‍ കൊണ്ടും തൂണുകളെ പൊതിയുന്ന ജോലികളും പുരോഗമിക്കുകയാണ്. ഓരോ തൂണിലും നാലിടത്താണ് സ്‌ഫോടനം നടത്തുക.

    സ്ഫോടനത്തിന് മുമ്പ് പൊളിച്ചുമാറ്റിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തിയും അവസാന ഘട്ടത്തിലാണ്. സ്‌ഫോടനം നടക്കുന്നതിന്റെ നാല് മണിക്കൂര്‍ മുമ്പ് പരിസരവാസികളെ ഒഴിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പൊടിപടലം ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ ശമിക്കുമെന്നാണ് കരുതുന്നത്.

    സ്‌ഫോടനങ്ങള്‍ തമ്മില്‍ മൈക്രോ സെക്കന്റുകളുടെ വ്യത്യാസം ഉള്ളതിനാല്‍ പ്രകമ്പനത്തിന്റെ ആഘാതം കുറയുമെന്നും പ്രദേശവാസികള്‍ ആശങ്കപ്പേടേണ്ട സാഹചര്യം ഉണ്ടാകില്ലെന്നുമാണ് സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം.