• Breaking News

    'പ്രധാനമന്ത്രി നാണമില്ലാതെ കള്ളം പറയുകയാണ്'; രാജ്യത്തൊട്ടാകെ സിവില്‍ നിയമ ലംഘന സമരങ്ങള്‍ നടക്കണമെന്നും ജിഗ്നേഷ് മേവാനി

    'Prime Minister lies shamelessly'; Jignesh Mewani said civil strikes should be staged across the country,www.thekeralatimes.com


    കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തൊട്ടാകെ സിവില്‍ നിയമ ലംഘന സമരങ്ങള്‍ നടക്കണമെന്ന ആഹ്വാനവുമായി ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    എന്‍.ആര്‍.സിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. ‘എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്നു പ്രധാനമന്ത്രി നാണമില്ലാതെ കള്ളം പറയുകയാണ്. തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്നു കേന്ദ്രസര്‍ക്കാര്‍ പറയുന്നതില്‍ എന്ത് ആത്മാര്‍ഥതയാണുള്ളത്?

    പരാതിയുണ്ടെങ്കില്‍ സുപ്രീം കോടതിയില്‍ പോകൂ എന്നു സര്‍ക്കാര്‍ പറയുന്നത് അവിടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാകുമെന്ന ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ്,’ അദ്ദേഹം പറഞ്ഞു.

    സിറിയയിലേതുപോലുള്ള കലാപ സാഹചര്യമാണ് ഉത്തര്‍പ്രദേശിലുള്ളതെന്നും പൊലീസ് നരനായാട്ട് നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

    ചരിത്ര കോണ്‍ഗ്രസില്‍ നടന്ന സംഭവങ്ങളിലും അദ്ദേഹം പ്രതികരിച്ചു. തന്റെ പദവിക്കു ചേരാത്ത രീതിയിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.

    ചരിത്ര കോണ്‍ഗ്രസിലെ സംഭവത്തില്‍ ഗവര്‍ണറുടെ വാദങ്ങള്‍ തള്ളി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് നേരത്തെ രംഗത്തെത്തിയിരുന്നു. ‘ഗവര്‍ണര്‍ നടത്തിയ പ്രസംഗം തെറ്റും വസ്തുതാ വിരുദ്ധവുമാണ്. ഞാന്‍ ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചെന്നൊക്കെ പറയുന്നതിന് എന്താണു മറുപടി പറയേണ്ടത്?

    എനിക്ക് 88 വയസ്സായി. ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥന് മുപ്പത്തിയഞ്ചോ, പരമാവധി നാല്‍പ്പതോ വയസ്സു മാത്രമേയുള്ളൂ പ്രായം. ആ ഉദ്യോഗസ്ഥനെ മറികടന്നു ഞാന്‍ ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിക്കുകയോ? ഇതു രണ്ടും കേട്ടാല്‍ത്തന്നെ ആ പറയുന്നതിന്റെ നുണയെന്തെന്നു നിങ്ങള്‍ക്ക് ആലോചിച്ചുകൂടേ?,’ അദ്ദേഹം ചോദിച്ചു.