• Breaking News

    ഇന്ത്യയിലെ ആദ്യത്തെ 'കൃത്രിമ പാഡ് ഫ്രീ ' പഞ്ചായത്തായി മുഹമ്മ; ലക്ഷ്യം പാഡ് മാലിന്യങ്ങള്‍ കുറയ്ക്കല്‍

    Mohamma to become India's first 'artificial pad free' panchayat; The goal is to reduce pad waste,www.thekeralatimes.com


    ആലപ്പുഴ: ഇന്ത്യയിലെ ആദ്യത്തെ ‘കൃത്രിമ പാഡ് ഫ്രീ’ ഗ്രാമപഞ്ചായത്തായി മാറാനൊരുങ്ങി ആലപ്പുഴയിലെ മുഹമ്മ. പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് തുണികൊണ്ട് നിര്‍മിച്ച പാഡുകളും മെന്‍സ്ട്ര്വല്‍ കപ്പുകളും വിതരണം ചെയ്തു.

    ആര്‍ത്തവകാലത്തെ പാഡ് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീകള്‍ക്ക് വീണ്ടും ഉപയോഗിക്കാവുന്ന തുണികളില്‍ നിര്‍മിതമായ പാഡുകളും മെന്‍സ്ട്ര്വല്‍ കപ്പുകളും പഞ്ചായത്തില്‍ നടപ്പാക്കുന്നത്.

    ആര്‍ത്തവകാലത്ത് ഉപയോഗിച്ച് വലിച്ചെറിയുന്ന പാഡുകള്‍ മണ്ണിനും വെള്ളത്തിനും ദോഷമായി ബാധിച്ചു തുടങ്ങിയ സന്ദര്‍ഭത്തിലാണ് ബദല്‍ പദ്ധതിയുമയി രംഗത്തെത്താന്‍ പഞ്ചായത്ത് തീരുമാനിച്ചത്.

    സാധാരണഗതിയില്‍ ഒരു ലക്ഷത്തിലേറെ പാഡ് മാലിന്യങ്ങളാണ് പഞ്ചായത്തില്‍ നിന്നും ഒരു മാസത്തില്‍ ശേഖരിക്കപ്പെടുന്നത്. അത് വലിയ രീതിയില്‍ പരിസരമലിനീകരണത്തിന് കാരണമാകാനും തുടങ്ങിയിരുന്നു.

    പദ്ധതിയുടെ ഭാഗമായി തുടക്കത്തില്‍ നാല് തുണികൊണ്ടുള്ള പാഡുകളും ഒരു മെന്‍സ്ട്ര്വല്‍ കപ്പുമാണ് എല്ലാ സ്ത്രീകള്‍ക്കും വിതരണം ചെയ്യുന്നത്.

    മെന്‍സ്ട്ര്വല്‍ കപ്പുകള്‍ അഞ്ചു വര്‍ഷം വരെ ഈടു നില്‍ക്കുന്നവയാണ്. അതായത് ഒരു കപ്പ് 750 നാപ്കിനുകള്‍ക്ക് പകരമായി ഉപയോഗിക്കാം. തുണികൊണ്ടുള്ള പാഡുകള്‍ 3-4 വര്‍ഷം വരെ ഉപയോഗിക്കാം. മറ്റു പാഡുകളെ അപേക്ഷിച്ച് ആരോഗ്യ പ്രശ്‌നങ്ങളും കുറവാണ്.


    ബംഗളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലാഭേതര സംഘടനയായ അശോക ട്രസ്റ്റ് ഫോര്‍ റിസേര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് ദ് എന്‍വിയോണ്‍മെന്റും (എ.ടി.ആര്‍.ഇ.ഇ) ‘മുഹമ്മോദയം’ എന്ന പഞ്ചായത്തിന്റെ പുതിയ സംരംഭവും ചേര്‍ന്നാണ് ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.