പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം: പൊതുമുതല്‍ നശിപ്പിച്ചതിന് ജില്ലാ ഭരണകൂടത്തിന് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി യു.പിയിലെ മുസ്ലീങ്ങള്‍
യുപിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ട പരിഹാര തുക കൈമാറി ഒരു നിഭാഗം മുസ്ലിങ്ങള്‍. യുപിയിലെ ബുലന്ദ്ഷഹര്‍ നിവാസികളായ മുസ്ലീങ്ങളാണ് നഷ്ട പരിഹാര തുകയായി 6.27ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ജില്ലാ ഭരണകൂടത്തിന് കൈമാറിയത്.
പൗരത്വ നിയമത്തിന് എതിരെ ഇക്കഴിഞ്ഞ ഡിസംബര്‍ 20ന് യുപിയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധം സംഘര്‍ഷങ്ങളില്‍ കലാശിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമായാണ് തുക കൈമാറിയത്. പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ചിലരുടെ പേരിലെടുത്ത കേസ് പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രതിഷേധത്തെ തുടര്‍ന്ന് ആറേകാല്‍ ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് ജില്ലാ നേതൃത്വത്തിന്റെ കണക്ക്. കമ്മ്യൂണിറ്റിക്കുള്ളില്‍ നിന്നു തന്നെ സംഭാവനകള്‍ പിരിച്ച് ആ തുക കൈമാറിയെന്നാണ് ബുലന്ദ്ഷഹറിലെ കൗണ്‍സിലറായ ഹാജി അക്രം അറിയിച്ചത്.
പ്രതിഷേധങ്ങള്‍ക്കിടെ കേടുപാടുകള്‍ സംഭവിച്ച വസ്തു വകകള്‍ തങ്ങളുടെത് തന്നെയാണെന്നും അവരുടെ തന്നെ നികുതി പണം ഉള്‍പ്പെട്ടതാണെന്നും തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇത്തരമൊരു നീക്കം നടത്തിയത് സ്വീകരിക്കപ്പെടേണ്ടത് തന്നെയാണ്’ എന്നായിരുന്നു ബുലന്ദ്ഷഹര്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ പ്രതികരണം.
കമ്മ്യൂണിറ്റി അംഗങ്ങള്‍ തന്നെയാണ് നഷ്ടപരിഹാര തുക നല്‍കാമെന്ന് പറഞ്ഞ് രംഗത്തെത്തിയതെന്ന് പറഞ്ഞ രവീന്ദ്ര കുമാര്‍, ഈ സംഭവത്തില്‍ രാഷ്ട്രീയത്തിനോ മതത്തിനോ പങ്കില്ലെന്നും പറഞ്ഞു.

