• Breaking News

    ‘പൊതു ഇടം എന്റേതും’; രാത്രി യാത്രയില്‍ നിരത്തുകള്‍ കീഴടക്കി എണ്ണായിരത്തോളം സ്ത്രീകള്‍

    Public space Eighty thousand women surrendered at night during the night,www.thekeralatimes.com


    രാത്രിയില്‍ പൊതുയിടം എന്റേതും എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് കേരളത്തിലെ സ്ത്രീകളുടെ നടത്തം. നിര്‍ഭയ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് രാത്രി 11 മുതല്‍ പുലര്‍ച്ചെ 1 മണിവരെ രാത്രി നടത്തം സംഘടിപ്പിച്ചത്. പ്രമുഖരുള്‍പ്പെടെ നിരവധി സ്ത്രീകളാണ് രാത്രി നടത്തത്തില്‍ പങ്കെടുത്തത്.

    സംസ്ഥാനത്ത് 250-ഓളം സ്ഥലങ്ങളിലായി എണ്ണായിരത്തോളം സ്ത്രീകള്‍ രാത്രി നടത്തത്തിന്റെ ഭാഗമായി. ഏറ്റവുമധികം പേര്‍ രാത്രി നടന്നത് തൃശ്ശൂര്‍ ജില്ലയിലാണ്. തൃശ്ശൂരില്‍ 47 ഇടങ്ങളിലാണ് രാത്രിനടത്തം സംഘടിപ്പിച്ചത്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലായിരുന്നു. രണ്ടിടത്ത്. ആലപ്പുഴ 23, കൊല്ലം -മൂന്ന്, പത്തനംതിട്ട 12, പാലക്കാട് 31, കോഴിക്കോട് -ആറ് , കണ്ണൂര്‍ 15, മലപ്പുറം 29, കോട്ടയം 29, എറണാകുളം 27 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രാത്രിനടത്തത്തിന്റെ സ്ഥലങ്ങള്‍.

    തിരുവനന്തപുരം ജില്ലയില്‍ 22 സ്ഥലങ്ങളിലാണ് സ്ത്രീകള്‍ പൊതുഇടം സ്വന്തമാക്കിയത്. തിരുവനന്തപുരത്ത് മാനവീയം വീഥിയായിരുന്നു പ്രധാന കേന്ദ്രം. സാമൂഹികനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സബീന എന്നിവര്‍ നേതൃത്വം നല്‍കി.

    എം.എല്‍.എ.മാരായ യു.പ്രതിഭ കായംകുളത്തും ഗീതാ ഗോപി തൃശ്ശൂരിലും സി.കെ.ആശ വൈക്കത്തും പങ്കെടുത്തു. എറണാകുളത്ത് പാലാരിവട്ടം, പുന്നക്കല്‍ ജങ്ഷന്‍, പൊന്‍കര ബസ് സ്റ്റാന്‍ഡ്, മറ്റ് മുനിസിപ്പാലിറ്റികളിലും രാത്രിനടത്തമുണ്ടായിരുന്നു. കൊല്ലം സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്, ഇടുക്കി തൊടുപുഴ, തൃശ്ശൂര്‍ അരണിക്കര പള്ളി, പാലക്കാട് ഒലവക്കോട്‌ െറയില്‍വേ സ്റ്റേഷന്‍, കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫീസ്, മലപ്പുറം മഞ്ചേരി മുനിസിപ്പാലിറ്റി, കോട്ടയം ഗാന്ധി സ്‌ക്വയര്‍, വയനാട്, കാസര്‍കോട് തുടങ്ങിയ എല്ലാ ജില്ലകളിലെ ആസ്ഥാനത്തും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും രാത്രിനടത്തം നടന്നു.

    അതേസമയം കോട്ടയത്ത് ഓട്ടോ ഡ്രൈവർ മോശമായി പെരുമാറിയെന്ന പരാതിയുയർന്നു. ”ഞങ്ങൾ രണ്ടു പേര് നടക്കുന്നതിനിടെ, ജില്ലാ ആശുപത്രിയുടെ അടുത്ത് ഒക്കെ എത്തിയപ്പോൾ ‘പോരുന്നോ’ എന്ന് ചോദിച്ച് ഒരു ഓട്ടോറിക്ഷക്കാരൻ, ചെറുപ്പക്കാരനാണ്, തിരിഞ്ഞ് പിന്നാലെ വന്നു. തിരിഞ്ഞ് നിന്ന് നമ്പർ നോട്ട് ചെയ്യാൻ ഫോൺ എടുത്തപ്പോഴേക്ക് അയാൾ പെട്ടെന്ന് വട്ടം തിരിഞ്ഞ് പോകുകയായിരുന്നു”, പങ്കെടുത്ത സ്ത്രീ പറഞ്ഞു.

    കാസർകോട് പരിപാടിക്കിടെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഒരാളെ അറസ്റ്റ് ചെയ്തു. പൊലീസിന്‍റെ സംരക്ഷണയിൽ നടത്തിയ പരിപാടിക്ക് തുടർച്ചയുണ്ടാകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. അടുത്ത വനിതാ ദിനം വരെ വ്യത്യസ്തമായ പരിപാടികൾ വിവിധ കൂട്ടായ്മകളുടെ സഹകരണത്തോടെ സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.