‘ജെ.ഡി.യുവിൽ ശിവസേന എഫക്ട്?’: ബീഹാർ തിരഞ്ഞെടുപ്പിൽ സഖ്യ കക്ഷിയായ ബി.ജെ.പി നിതീഷ് കുമാറിന്റെ പാർട്ടിക്ക് കൂടുതൽ സീറ്റുകൾ നൽകണമെന്ന് പ്രശാന്ത് കിഷോർ
ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) വിഷയത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇതുവരെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല, അതേസമയം പാർട്ടിയിലെ പ്രബലനായ പ്രശാന്ത് കിഷോർ സഖ്യകക്ഷിയായ ബി.ജെ.പിയുമായി സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട് വിലപേശലിനുള്ള വഴി തുറന്നിരിക്കുകയാണ്.
സംസ്ഥാനത്തെ ഭരണ സഖ്യകക്ഷികൾ തമ്മിലുള്ള ധാരണയായിരുന്ന 50 ശതമാനത്തിനുപകരം അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിന് (ജെ.ഡി.യു) സിംഹഭാഗം സീറ്റുകൾ ലഭിക്കണമെന്ന് പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചു.
“എന്റെ ധാരണ അനുസരിച്ച്, 2009, 2010 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പതിവ് പോലെ അത് (സീറ്റ് പങ്കിടൽ) 1:4 ആയിരിക്കണം,” ബി.ജെ.പിയുമായുള്ള സീറ്റ് പങ്കിടൽ അവസാനിക്കുന്നതുവരെ നിതീഷ് കുമാർ എൻ.ആർ.സിയിൽ മൗനം പാലിക്കാനാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് പ്രശാന്ത് കിഷോർ മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ്-തന്ത്രജ്ഞനിൽ നിന്നും രാഷ്ട്രീയക്കാരനായി മാറിയ പ്രശാന്ത് കിഷോർ പൗരത്വ നിയമത്തിന് പാർട്ടിയുടെ പെട്ടെന്നുള്ള പിന്തുണയുടെ കാര്യത്തിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
മഹാരാഷ്ട്രയിൽ ബി.ജെ.പിക്കെതിരെ അടുത്തിടെ ശിവസേന നടത്തിയ അധികാര വിലപേശലും തുടർന്ന് പ്രതിപക്ഷ സഹായത്തോടെ അധികാരം പിടിച്ചെടുത്തതും ജെ.ഡി.യുവിനെ കൂടുതൽ സീറ്റുകൾ ചോദിയ്ക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് അഭ്യൂഹങ്ങൾ.
പാർട്ടിയുടെ ഓരോ യോഗത്തിലും പൗരത്വ നിയമം എൻആർസി എന്നിവയിൽ പ്രതിപക്ഷ പാർട്ടികൾ പ്രചരിപ്പിക്കുന്ന ആശയക്കുഴപ്പമുണ്ടെന്ന് രാജ്യസഭയിലെ പാർട്ടി നേതാവ് ആർസിപി സിംഗ് പറഞ്ഞു.
അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേതുപോലെ സീറ്റ് വിഹിതം 50:50 ആയി തുടരുമെന്ന് ബിജെപി അവകാശപ്പെട്ടു. പ്രശാന്ത് കിഷോർ എന്ത് അടിസ്ഥാനത്തിലാണ് സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയതെന്ന് ചില നേതാക്കൾ ചോദ്യം ചെയ്തു. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പോലും 120 സീറ്റുകളുണ്ടായിട്ടും നിതീഷ് കുമാർ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളുമായി തുല്യ സീറ്റുകളിൽ മത്സരിച്ചതായി മറ്റുള്ളവർ ചൂണ്ടിക്കാട്ടി.
സീറ്റ് പങ്കിടൽ ഇരു പാർട്ടികളുടെയും ഹൈക്കമാൻഡ് തീരുമാനിക്കും, എന്തുകൊണ്ടാണ് പ്രശാന്ത് കിഷോർ ഈ വിഷയത്തിൽ തല ഇടുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ബി.ജെ.പി നേതാവ് നിതിൻ നവീൻ പറഞ്ഞു.
പൊതുസഭയിലും പാർട്ടി ഫോറങ്ങളിലും പൗരത്വ നിയമത്തിനെതിരെ എപ്പോഴും സംസാരിച്ചിരുന്ന നിതീഷ് കുമാർ ഈ മാസം ആദ്യം ലോക്സഭയിൽ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചതിന്റെ തലേന്ന് തന്റെ നിലപാട് മാറ്റി. എന്നാൽ ഈ നിലപാട് മാറ്റത്തിനെതിരെ പരസ്യമായി സംസാരിച്ച പാർട്ടിയിലെ തന്നെ ചുരുക്കം ചില നേതാക്കളിൽ പ്രശാന്ത് കിഷോറും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്ന് രാജിവയ്ക്കാൻ പ്രശാന്ത് കിഷോർ സന്നദ്ധത പ്രകടിപ്പിച്ചെന്നും. എന്നാൽ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയിൽ രാജി സ്വീകരിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ വിസമ്മതിച്ചതായുമാണ് റിപ്പോർട്ടുകൾ.