• Breaking News

    കൊറോണ വൈറസ്; കേരളത്തിൽ നിന്ന് ഏഴുപേർ ഉൾപ്പെടെ രാജ്യത്ത് പതിനൊന്നു പേർ നിരീക്ഷണത്തിൽ

    Coronaviruses; Eleven persons were on probation in the country, including seven from Kerala,www.thekeralatimes.com


    ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കൊറോണ വൈറസിന്റെ വളരെ നേരിയ ലക്ഷണങ്ങൾ കാണിച്ച പതിനൊന്ന് പേർ ഇന്ത്യയിലെ നാല് നഗരങ്ങളിൽ നിരീക്ഷണത്തിൽ. കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ 41 പേർ മരിക്കുകയും 1300 പേരെ ബാധിക്കുകയും ചെയ്തു. നിരവധി ഏഷ്യൻ രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്പിലും വൈറസ് വ്യാപിക്കുകയും ചെയ്തു.

    കേരളത്തിൽ ഏഴ് പേരും മുംബൈയിൽ രണ്ട് പേരും ബെംഗളൂരുവിലും ഹൈദരാബാദിലും ഒരാൾ വീതവും വൈറസ് ബാധയുണ്ടോ എന്ന സംശയത്തിന്റെ പേരിൽ നിരീക്ഷണത്തിലാണ്. “കേരളത്തിൽ വളരെ നേരിയ ലക്ഷണങ്ങൽ കാണിച്ച ഏഴ് പേരെ വെള്ളിയാഴ്ച ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലാണ്. അവർ ചൈനയിൽ നിന്ന് മടങ്ങിയെത്തിയതിനാൽ പ്രാഥമികമായ മുൻകരുതൽ നടപടിയായാണ് നിരീക്ഷണത്തിൽ വച്ചിരിക്കുന്നത്,” കൊറോണ വൈറസിനെക്കുറിച്ചുള്ള ആശയവിനിമയ ചുമതലയുള്ള കേരളത്തിലെ ഓഫീസർ ഡോ. അമർ ഫെറ്റിൽ പറഞ്ഞു.

    ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങി എത്തിയ 20,000 ത്തിലധികം യാത്രക്കാർ വിമാനത്താവളങ്ങളിൽ താപ പരിശോധനയ്ക്ക് വിധേയരായി.

    നിരീക്ഷണത്തിൽ ഉള്ള 11 പേരിൽ മുംബൈ ആശുപത്രിയിലെ രണ്ട് പേരും ഹൈദരാബാദിലും ബെംഗളൂരുവിലും കൂടി ഉള്ള രണ്ടുപേർക്കും വൈറസ് ബാധയിലെന്നു പരിശോധന ഫലം വന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

    കേരളത്തിൽ മൊത്തത്തിൽ 80 പേർ നിരീക്ഷണത്തിലാണ്, ഇതിൽ 73 പേർ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. ഇവരിൽ ഏഴുപേർ പനി, ചുമ എന്നിവയുടെ നേരിയ ലക്ഷണങ്ങൾ കാണിച്ചു. “ഈ ഏഴ് പേരിൽ ഒരാൾ രോഗലക്ഷണങ്ങളൊന്നും കാണിച്ചില്ല, പക്ഷേ വളരെയധികം ഉത്കണ്ഠാകുലനായിരുന്നു, അതിനാൽ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു കൗൺസിലിംഗ്‌ നൽകിവരികയാണ്,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

    നിരീക്ഷണത്തിലുള്ള രണ്ട് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു.

    ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഒരു ഐസൊലേഷൻ വാർഡ് സ്ഥാപിച്ചു കൂടാതെ വൈറസ് ബാധ സംശയമുള്ളവർക്ക്‌ ചികിത്സയ്ക്ക് കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്.

    “വിമാനത്താവളങ്ങളിൽ, ചൈനയിൽ നിന്ന് മടങ്ങുന്ന യാത്രക്കാർ രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കിൽ, അവരുടെ പേരുകൾ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് കൈമാറുന്നു. ഏതാനും ആഴ്ചകൾ അവരവരുടെ വീടുകളിൽ സ്വയം ഒറ്റപ്പെട്ടു കഴിയാൻ നിർദ്ദേശിക്കുകയും അവരുടെ ആരോഗ്യ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു,” ഡോ. അമർ ഫെറ്റിൽ പറഞ്ഞു.

    കൊറോണ വൈറസിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ ഉള്ളവർക്കായി കേരള സർക്കാർ 0471-2552056 എന്ന ഹെൽപ്പ്ലൈൻ നമ്പറും സ്ഥാപിച്ചിട്ടുണ്ട്.

    രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.

    കൊറോണ വൈറസ് കേസുകൾ ആദ്യം റിപ്പോർട്ട് ചെയ്തത് മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ നിന്നാണ്. മാരകമായ വൈറസിനെ ചെരുക്കുന്നതിനായ് വുഹാനും പ്രവിശ്യയിലെ മറ്റ് 13 നഗരങ്ങളും അടച്ചിട്ടിരിക്കുകയാണ്.

    മുമ്പ് അജ്ഞാതമായ കൊറോണ വൈറസ് ആഗോള ഉത്കണ്ഠയ്ക്ക് കാരണമായത് അതിന്റെ എസ്.എ.ആർ.എസ് ( SARS-സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം) നോടുള്ള സാമ്യത കാരണമാണ്. 2002-2003 കാലഘട്ടത്തിൽ ചൈനയിലും ഹോങ്കോങ്ങിലുമായി നൂറുകണക്കിന് പേർ എസ്.എ.ആർ.എസ് ബാധിച്ചു മരിച്ചിരുന്നു.