50 ലക്ഷം മുസ്ലീങ്ങളെ ഉടൻ പുറത്താക്കും, നീയൊക്കെ നോക്കി നിൽക്കും: ബിജെപി അധ്യക്ഷന്റെ വെല്ലുവിളി
വിവാദ പ്രസ്താവനകൾക്ക് വിരാമമിടാതെ പശ്ചിമബംഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷ്. 50 ലക്ഷം മുസ്ലീങ്ങൾ അനധികൃത കുടിയേറ്റക്കാരായി ഇന്ത്യയിലുണ്ടെന്നും അവരെ ബിജെപി തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഈ മുസ്ലീംങ്ങളെ പൂർണമായി തിരിച്ചറിഞ്ഞ് രാജ്യത്തു നിന്നും പുറത്താക്കുമെന്നാണ് ദിലീപ് ഘോഷിന്റെ വിവാദ പ്രസ്താവന. കണ്ടെത്തുന്നവരുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുമെന്നും ദിലീപ് ഘോഷ് പറയുന്നു.
ഈ നടപടി വിജയമാകുന്നതോടെ ഇപ്പോൾ പ്രതിഷേധിക്കുന്ന മമത ബാനർജിയെല്ലാം കയ്യുംകെട്ടി നോക്കി നിൽക്കേണ്ടി വരുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. പശുവിന്റെ പാലിൽ സ്വർണമുണ്ടെന്ന ദിലീപ് ഘോഷിന്റെ പ്രസ്താവന നേരത്തേ വിവാദമായിരുന്നു.
അതോടൊപ്പം ബംഗാളിലെ അനധികൃത മുസ്ലീങ്ങള്‍ സര്‍ക്കാറിന്‍റെ രണ്ട് രൂപ സബ്സിഡി അരി തിന്ന് കൊഴുക്കുകയാണ്. അവരെ ഞങ്ങള്‍ തിരിച്ചയക്കും. സംസ്ഥാനത്തെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും ഇവരാണ് കാരണം. മതാടിസ്ഥാനത്തില്‍ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ പശ്ചാതാപമില്ല. സിഎഎ എതിര്‍ക്കുന്നവര്‍ ഇന്ത്യാ വിരുദ്ധരും ബംഗാള്‍ വിരുദ്ധരുമാണ് ദിലീപ് ഘോഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയവരെ ആക്ഷേപിക്കുന്നതരത്തിൽ പ്രസ്താവനയിറക്കിയത് വൻ വിവാദമായിരുന്നു. പൊതുമുതൽ നശിപ്പിക്കുന്നവരെ നായ്ക്കളെ പോലെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു പറഞ്ഞത്. കൂടാതെ ബംഗാളിൽ അനധികൃതമായി കുടിയേറിയ ഒരു കോടി ബംഗ്ലാദേശികളെ പുറത്താക്കുമെന്നും ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

