• Breaking News

    ബോംബ് നിർമ്മാണം യുട്യൂബിലൂടെ പഠിച്ചു, സ്ഫോടകവസ്തു വച്ചത് പ്രതികാരം ചെയ്യാനെന്ന് ആദിത്യ റാവു; പ്രതിക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് ബന്ധുക്കള്‍

    Aditya Rao learns about bomb making in UK Relatives said the defendant had mental problems,www.thekeralatimes.com


    മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു വയ്ക്കാന്‍ ആദിത്യ റാവുവിനെ പ്രേരിപ്പിച്ചത് വിമാനത്താവളങ്ങളോട് ഉള്ള പ്രതികാരമാണെന്ന് പൊലീസ്. ഇയാള്‍ നേരത്തെ ബംഗളുരു വിമാനത്താവളത്തിൽ ജോലിക്ക് അപേക്ഷിച്ചിരുന്നു. ഈ ജോലി ലഭിക്കാഞ്ഞതാണ് ദേഷ്യത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

    വിമാനത്താവളത്തില്‍ സ്ഫോടകവസ്തു വച്ച സംഭവത്തില്‍ കീഴടങ്ങിയ ആദിത്യ റാവുവിന് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. വേറെ ആര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ട് എന്നതിനും തളിവില്ല.  വ്യാജരേഖകൾ ഉപയാഗിച്ചു നേരത്തെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഇയാള്‍ ജോലി നേടിയിരുന്നു. പിടിക്കപ്പെട്ടതോടെ ജോലിയിൽ നിന്ന്  പുറത്താക്കി. പിന്നീട് ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു ആദിത്യ റാവു എന്നും പൊലീസ് അറിയിച്ചു.

    ഇന്നലെയാണ് ആദിത്യ റാവു ബംഗളൂരു ഹലസൂരു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ഇയാള്‍. യൂ ട്യൂബ് നോക്കിയാണ് സ്ഫോടക വസ്തു നിര്‍മ്മിച്ചതെന്നാണ് ആദിത്യ പൊലീസിന് നല്‍കിയ മൊഴി. ഓൺലൈൻ വഴിയാണ് ബോംബ് നിർമ്മാണത്തിനുള്ള വസ്‌തുക്കൾ വാങ്ങിയത്. വിമാനത്താവളത്തിൽ ബോബുവെച്ചത് താനാണെന്നും അന്വേഷണ സംഘത്തോട് ഇയാൾ വ്യക്തമാക്കി.

    അതേസമയം ആദിത്യറാവുവിന് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്ന വാദം ശക്തമാണ്. ബന്ധുക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ മാനസിക പ്രശ്‌നങ്ങൾ അലട്ടുന്ന വ്യക്തി എങ്ങനെയാണ് സ്‌ഫോടക വസ്‌തുക്കൾ ഓൺലൈനിൽ നിന്ന് സാധനങ്ങൾ വാങ്ങിയതെന്നും ബോംബുണ്ടാക്കാൻ പഠിച്ചതെന്നുമുള്ള ചോദ്യം പോലീസിനെ വലയ്‌ക്കുന്നുണ്ട്. കര്‍ണാടക പോലീസ് മേധാവി നീലമണി രാജുവിന്റെ ഓഫീസിലെത്തി കീഴടങ്ങിയ ആദിത്യറാവുവിനെ പ്രാഥമിക ചോദ്യംചെയ്യലിനുശേഷം റാവുവിനെ മംഗളൂരു പോലീസിന് കൈമാറി. മൂന്നംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവില്‍ എത്തിച്ച യുവാവിനെ വിശദമായി ചോദ്യം ചെയ്യും. അതീവ സുരക്ഷയുള്ള വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടർ വരെ ഇയാൾ എങ്ങനെയെത്തി എന്നത് പോലീസ് വിശദമായി അന്വേഷിക്കും.

    ബംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന് വ്യാജ സന്ദേശം നല്‍കിയ കേസിലും പ്രതിയാണ് ആദിത്യ റാവു. 2018ല്‍ ഈ കേസില്‍ ആറ് മാസം ജയില്‍ ശിക്ഷയും ഇയാള്‍ അനുഭവിച്ചിട്ടുണ്ട്.