‘അലനും താഹയും സിപിഎം അംഗങ്ങള്‍, മാവോയിസ്റ്റുകളാണെന്ന് ഇപ്പോള്‍ പറയാനാകില്ല’; മുഖ്യമന്ത്രിയെ തള്ളി ജില്ലാ സെക്രട്ടറി പി. മോഹനന്‍
പന്തീരങ്കാവില്‍ യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഇരുവരും സി.പി.ഐ.എം അംഗങ്ങള്‍ തന്നെയെന്നും ജില്ലാ സെക്രട്ടറി പി. മോഹനന്‍ വ്യക്തമാക്കി.
പാര്‍ട്ടി ഇരുവര്‍ക്കുമെതിരെ നടപടി എടുത്തിട്ടില്ല. ജയിലിലായതിനാല്‍ ഇരുവരുടെയും ഭാഗം കേട്ടിട്ടില്ല. അലനെയും താഹയെയും കേള്‍ക്കാതെ ഒരു നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ അവരുടെ തലത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പി മോഹനന്റെ നിലപാട്. മുഖ്യമന്ത്രി പൊലീസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകാം അങ്ങനെ പറഞ്ഞതെന്നും പി മോഹനന്‍ വ്യക്തമാക്കുന്നു. നിയമാനുസൃതമായി കേരളത്തില്‍ ഇത്തരത്തിലുള്ള കേസുകള്‍ പരിഗണിക്കാന്‍, സൂക്ഷ്മപരിശോധന നടത്താന്‍ കേരളത്തില്‍ സംവിധാനമുണ്ട്. അത് പരിശോധിച്ച ശേഷം മാത്രമേ ഇതില്‍ പ്രോസിക്യൂഷന്‍ അനുമതിയുള്ളൂ.
അലനെയും താഹയെയും സസ്‌പെന്‍ഡ് ചെയ്തതെന്ന് പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അവര്‍ക്കെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും പി മോഹനന്‍ വ്യക്തമാക്കി.
സി.പി.ഐ.എം സംസ്ഥാന കമ്മറ്റി മെമ്പര്‍ പി. ജയരാജന്റെ വാദത്തെ കുറിച്ച് ചോദിച്ചപ്പോഴും മോഹനന്‍ മാസ്റ്റര്‍ ഒഴിഞ്ഞു മാറി. നിങ്ങള്‍ ജയരാജന്‍ പറഞ്ഞു എന്ന് പറഞ്ഞിട്ട് എന്നോട് ചോദിച്ചാ ഞാനെന്ത് പറയാനാ? ജയരാജനോട് ചോദിച്ചിട്ട് പറയാമെന്ന് പി മോഹനന്‍ മറുപടി നല്‍കി.

