നായ എന്നത് ഇഷ്ടമായില്ലെങ്കില്‍ കുരങ്ങ് എന്ന് വിളിക്കാം; സിഎഎ പ്രതിഷേധക്കാര്‍ക്കെതിരെ ബി.ജെ.പി നേതാവ്
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി പശ്ചിമ ബംഗാള്‍ ജനറല്‍ സെക്രട്ടറി സായന്തന്‍ ബസു. പ്രതിഷേധക്കാരെ നായ എന്ന് വിളിക്കുന്നതില്‍ പ്രശ്‌നമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവരെ കുരങ്ങെന്ന് വിളിക്കാമെന്ന് സായന്തന്‍ ബസു പറഞ്ഞു.
നേരെത്തെ പൗരത്വ നിയമ ഭേദഗതിയെയും എന്‍ആര്‍സിയെയും എതിര്‍ക്കുന്ന പ്രമുഖ ബുദ്ധിജീവികള്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നായകളാണെന്നായിരുന്നു ബിജെപി നേതാവും എംപിയുമായ സൗമിത്ര ഖാന്‍ പറഞ്ഞിരുന്നു. എം.പിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് പിന്തുണയുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രംഗത്തെത്തിയത്.
”ബുദ്ധിജീവികളെ നായ്ക്കള്‍ എന്ന് വിളിക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവരെ കുരങ്ങുകള്‍ എന്ന് വിളിക്കാം. അവരെ കുരങ്ങന്മാരായി പരിഗണിക്കുക. ഈ നിയമം സാധാരണക്കാര്‍ക്കുള്ളതാണ്. സാധാരണ ആളുകള്‍ ഉള്ള സ്ഥലങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിക്കും. നായ്ക്കളും കുരങ്ങുകളും നിറഞ്ഞ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല, സി.എ.എ പ്രതിഷേധക്കാരെ പേരെടുത്ത് പറയാതെ” വെസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ ഖരഗ്പൂരിലെ ബസു പറഞ്ഞു.
സിഎഎയ്ക്കെതിരെ പ്രതിഷേധിച്ച ആളുകള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് 500 രൂപ നല്‍കുന്നുണ്ടെന്നും കൃത്യസമയത്ത് പണം ലഭിക്കാത്തതിനാലാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചതെന്നും ബസു പറഞ്ഞു.

