Sunday, March 9.
  • Breaking News

    'ഒ.ബി.സിക്കാരന്റെ വീട്ടിലെത്തി അമിത് ഷാ അത്താഴം കഴിച്ചത് ആഘോഷമാക്കി ബി.ജെ.പി'; പുതിയ ഗ്ലാസിന്റെ സ്റ്റിക്കര്‍ എങ്കിലും മാറ്റാമായിരുന്നെന്ന് സോഷ്യല്‍മീഡിയ

    BJP celebrates Amit Shah's dinner at OBC man's house Social Media said the sticker of the new glass could have been changed,www.thekeralatimes.com


    ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പ് പ്രചരണത്തിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകന്റെ വസതിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അത്താഴം കഴിച്ച ദൃശ്യങ്ങളും വാര്‍ത്തകളുമാണ് ബി.ജെ.പിയും വിവിധ ദേശീയ മാധ്യമങ്ങളും വലിയ പ്രധാന്യത്തില്‍ വെള്ളിയാഴ്ച രാത്രി റിപ്പോര്‍ട്ട് ചെയ്തത്.

    ഡൽഹിയിലെ യമുന വിഹാറിലുള്ള മനോജ് കുമാര്‍ എന്നയാളുടെ വീട്ടില്‍ വെള്ളിയാഴ്ച രാത്രിയാണ് അമിത് ഷായും സംഘവും എത്തിയത്. മാധ്യപ്രവര്‍ത്തകരെയടക്കം വീടിനുള്ളില്‍ പ്രവേശിപ്പിച്ചുകൊണ്ടായിരുന്നു അമിത് ഷായുടേയും മനോജ് തിവാരിയുടേയും അത്താഴവിരുന്ന്.

    പിന്നാക്ക വിഭാഗക്കാരനായ ഒരു ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍ എത്തി അമിത് ഷായും മനോജ് തിവാരിയും ഭക്ഷണം കഴിച്ചെന്നായിരുന്നു പല വാര്‍ത്തകളിലും ഊന്നിപ്പറഞ്ഞത്.

    ഉയര്‍ന്ന ജാതിക്കാരനായ അമിത് ഷാ ഒരു പിന്നാക്ക വിഭാഗക്കാരന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചിരിക്കുന്നു എന്ന രീതിയിലായിരുന്നു ബി.ജെ.പിയും ഈ വാര്‍ത്ത ആഘോഷമാക്കിയത്. എന്നാല്‍ ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

    ഒ.ബി.സിക്കാരനായ ഒരാളുടെ വീട്ടിലെത്തി അമിത് ഷാ ഭക്ഷണം കഴിച്ചുവെന്നതിലൂടെ എന്താണ് നിങ്ങള്‍ ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതെന്നും ഇത് കൃത്യമായ ജാതിയതയല്ലേയെന്നുമുള്ള ചോദ്യമായിരുന്നു ഉയര്‍ന്നത്.

    മനോജ് കുമാര്‍ എന്ന ബി.ജെ.പിക്കാരന്റെ വീട്ടിലെത്തിയ അമിത് ഷായ്ക്ക് ഭക്ഷണം നല്‍കുന്നത് പുതിയ പാത്രത്തിലാണ്. വെള്ളം നല്‍കിയ ഗ്ലാസുകള്‍ക്ക് മുകളില്‍ പതിച്ച സ്റ്റിക്കല്‍ പോലും എടുത്തുമാറ്റിയിട്ടില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.




    2019 ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പുരി സ്ഥാനാര്‍ത്ഥിയായ സംപിത് പത്ര വോട്ട് ചോദിക്കുന്നതിനിടെ ഒരു വീട്ടില്‍കയറി ഭക്ഷണം കഴിക്കുന്ന വീഡിയോയും നേരത്തെ വിവാദമായിരുന്നു.

    പുരിയിലെ പിന്നോക്കവിഭാഗക്കാരിയായ ഒരു സ്ത്രീയുടെ വസതിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയായിരുന്നു സംപിത് പത്ര ഷെയര്‍ ചെയ്തത്. നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ വീട്ടിലെ ഓരോരുത്തര്‍ക്കായി സംപിത് പത്രം ഭക്ഷണം വായില്‍വെച്ചുകൊടുക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

    നിലത്തിരുന്ന് ഇലയിട്ട് ഭക്ഷണം കഴിക്കുന്ന സംപിത് പത്രയ്ക്ക് തൊട്ടടുത്തായി അടുപ്പില്‍ ഭക്ഷണം ഉണ്ടാക്കുന്ന ഒരു സ്ത്രീയേയും കാണാമായിരുന്നു.

    പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ ആഘോഷത്തില്‍ കൊണ്ടുവന്ന ഉജ്ജ്വല യോജന പദ്ധതിയുടെ ഏറ്റവും വലിയ പരാജയമല്ലേ ആ കാണുന്നത് എന്ന് ചോദിച്ചായിരുന്നു അന്ന് ട്വിറ്ററില്‍ പലരും എത്തിയത്.

    ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ പദ്ധതി നല്‍കുമെന്ന് പ്രഖ്യാപനം നടത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വിറകടുപ്പില്‍ ഭക്ഷണം പാകം ചെയ്യേണ്ടി വരുന്ന പാവപ്പെട്ടവരുടെ അവസ്ഥ ചൂണ്ടിക്കാട്ടിയും അന്ന് ചിലര്‍ ട്വിറ്ററില്‍ എത്തിയിരുന്നു. പുരി മണ്ഡലത്തില്‍ വലിയ തോല്‍വിയായിരുന്നു സംപിത് പത്രയ്ക്ക് നേരിടേണ്ടി വന്നത്.