‘ബേലൂര്‍ മഠത്തെ രാഷ്ട്രീയത്തിനുള്ള വേദിയാക്കരുതായിരുന്നു, എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ് ഇവിടുത്തെ സംസ്‌കാരം’; മോദിയുടെ സന്ദര്‍ശനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രാമകൃഷ്ണ മിഷനിലെ സന്യാസിമാര്‍
മോദി ബേലൂര്‍ മഠം സന്ദര്‍ശിക്കാനെത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഒരു വിഭാഗം സന്യാസിമാര്‍. ബേലൂര്‍ മഠത്തിന്റെ വേദിയെ രാഷ്ട്രീയമായി ഉപയോഗിക്കരുതായിരുന്നു എന്ന് കാട്ടി, രാമകൃഷ്ണ മിഷനിലെ ഒരു വിഭാഗം സന്യാസിമാര്‍ മഠത്തിന്റെ മേധാവിമാര്‍ക്ക് കത്ത് നല്‍കിയിരുന്നു. മോദിയുടെ രാഷ്ട്രീയ പ്രസംഗത്തില്‍ പ്രതിഷേധിച്ച് മിഷന്‍ ജനറല്‍ സെക്രട്ടറി സ്വാമി സുവിരാനന്ദ വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തു.
മോദിയുടെ രാഷ്ട്രീയ പ്രസംഗത്തിനെതിരെ സ്വാമി സുവിരാനന്ദ രൂക്ഷമായാണ് പ്രതികരിച്ചത്. ഇവിടെ എത്തുന്നവരാണ് എന്തു സംസാരിക്കണമെന്ന ഔചിത്യം കാണിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു
മഠത്തിന് രാഷ്ട്രീയമില്ല, തങ്ങള്‍ വീട് ഉപേക്ഷിച്ച് ഇവിടെ എത്തിയത് ലൗകിക ചിന്തകള്‍ വെടിഞ്ഞാണ്. മോദി ഇവിടുത്തെ അതിഥിയാണ്. അവരോട് എല്ലാ മര്യാദയും കാണിക്കുക. അവര്‍ എന്ത് സംസാരിക്കണമെന്ന് അവരാണ് തീരുമാനിക്കുക. അതിന്റെ ഉത്തരവാദിത്വം ആതിഥേയനല്ലെന്നും അദ്ദേഹം പറഞ്ഞു.
മഠത്തിന്റെ സംസ്‌കാരം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ്. ഇവിടെ ഹിന്ദു, മുസ്ലീം സ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ള സന്യാസിമാരും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിക്ക് ഇത്തരത്തില്‍ ഒരു രാഷ്ട്രീയ പ്രസംഗം നടത്താന്‍ അനുമതി നല്‍കിയതില്‍ ഒരു വിഭാഗം സന്യാസിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഇത് അവര്‍ മഠം നടത്തിപ്പുകാരെ അറിയിക്കുകയും ചെയ്തു.
പൗരത്വ ഭേദഗതി നിയമം പോലെ വിവാദ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് മഠത്തിന്റെ വേദിയില്‍ സംസാരിച്ചത് ദുഖകരമാണെന്ന് മഠത്തിലെ ഒരു സന്യാസി പറഞ്ഞതായി ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഠത്തിലെ അംഗമായ ഗൗതം റോയ് ശക്തമായ ഭാഷയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചിരുന്നു. ഇവിടുത്തെ അന്തേവാസിയല്ലാത്ത മോദി, ഇവിടെ വന്ന് രാഷ്ട്രീയ പ്രസംഗം ചെയ്യാന്‍ പാടില്ല. രാമകൃഷ്ണ മിഷന്‍ കഴിഞ്ഞ കുറച്ച് വര്‍ഷമായി രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയാണ്. ആര്‍എസ്എസുമായി ബന്ധമുള്ള ചിലരെ മഠത്തിലേക്ക് ഉള്‍പ്പെടുത്തിയത് വഴിയാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.