• Breaking News

    ശബരിമല വിഷയത്തിലെ പുനഃപരിശോധന ഹര്‍ജികള്‍ ഒന്‍പതംഗ ബഞ്ച് കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ്

    SC rejects plea seeking review of Sabarimala issue,www.thekeralatimes.com


    ഡല്‍ഹി: ശബരിമല യുവതീപ്രവേശന കേസില്‍ സുപ്രീംകോടതി നടപടികള്‍ തുടങ്ങി. യുവതീ പ്രവേശനത്തില്‍ വിഷയത്തില്‍ ഒന്‍പതംഗ ബഞ്ച് പുനഃപരിശോധന ഹര്‍ജി കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഉന്നയിച്ച പൊതുവായ നിയമപ്രശ്‌നങ്ങളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. മതാചാരങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടോ എന്നതുള്‍പ്പെടെ ഏഴു ചോദ്യങ്ങളിലാണു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ വിശാല ബെഞ്ച് വാദം കേള്‍ക്കുക.

    വാദത്തിന്റെ വിഷയങ്ങള്‍ തീരുമാനിക്കാന്‍ മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. അതിനുശേഷം മൂന്നോ നാലോ ദിവസത്തിനകം വാദം തുടങ്ങും. ചോദ്യങ്ങള്‍ പുനഃക്രമീകരിക്കാന്‍ ജനുവരി 17ന് സോളിസിറ്റര്‍ ജനറലോട് വിവിധ കേസുകളില്‍ ഹാജരാകുന്ന അഭിഭാഷകരുടെ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടു. എല്ലാ കക്ഷികളും ഒരേ കാര്യം വാദിക്കരുതെന്നും ധാരണയിലെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

    മതാചാരപരവും ഭരണഘചപരവുമായ ചോദ്യങ്ങളായിരിക്കും പരിഗണിക്കുന്നത്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിയമപ്രശ്‌നങ്ങള്‍ സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
    കേന്ദ്രത്തിനായി സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ബിന്ദു അമ്മിണിക്കായി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗുമാണ് ഹാജരായത്.

    കേസില്‍ കക്ഷി ചേരാന്‍ അഭിഭാഷകന്‍ രാജീവ് ധവാനെ കോടതി അനുവിച്ചു. ദാവൂദി ബോറ വിഭാഗത്തെ ബാധിക്കുന്ന ഹര്‍ജികളും കേള്‍ക്കണമെന്നു കേന്ദ്രം ആവശ്യെപ്പെട്ടു.
    ശബരിമല യുവതി പ്രവേശനം, മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെണ്‍ ചേലാകര്‍മം, പാഴ്സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് ഒമ്പതംഗ ബെഞ്ചിന്റെ വിധിക്ക് ശേഷമാകും. ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്ന് കോടതിയില്‍ ആവശ്യം ഉയര്‍ന്നെങ്കിലും ഈ വിഷയങ്ങള്‍ ഉയര്‍ന്നുവരുന്ന സമയത്ത് വാദങ്ങള്‍ കേള്‍ക്കാമെന്നും കോടതി നിലപാടെടുത്തു.

    വാദം നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന് അഭിഷേക് മനു സ്വിങ്വി ആവശ്യപ്പെട്ടു. പുതിയ ആരെയും കക്ഷി ചേര്‍ക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് പൊതുവായ നിയമപ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നത്. ഈ ചോദ്യങ്ങള്‍ വിശാല ബെഞ്ച് പരിഗണിക്കാനും അതുവരെ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണനയില്‍ നിലനിര്‍ത്താനും മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഭൂരിപക്ഷ വിധിയിലൂടെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലിവിലെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ നേതൃത്വത്തില്‍ ഒന്‍പതംഗ ബെഞ്ച് രൂപീകരിച്ചത്.