കൊറോണ വൈറസ്: ചൈനയില്‍ മരണം 41 ആയി; 1287 പേര്‍ക്ക് രോഗ ബാധ; യൂറോപ്പിലേക്കും പടരുന്നു
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി. 1287 പേര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളതായി ചൈനീസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇതില്‍ 237 പേരുടെ നില അതീവ ഗുരുതരമാണ്.
വൈറസ് ബാധ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ വന്‍മതിലിന്റെ ബാഡാലിങ് ഭാഗവും ഷാങ്ഹായിലെ ഡിസ്നിലാന്‍ഡും അനിശ്ചിതകാലത്തേക്ക് അടച്ചു. ചൈനീസ് പുതുവത്സരപ്പിറവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ പലതും സര്‍ക്കാര്‍ റദ്ദു ചെയ്തു. അതേസമയം രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വുഹാന്‍ നഗരത്തില്‍ രോഗം ബാധിച്ച 1000 പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രി ചൈനീസ സര്‍ക്കാര്‍ പണിയുകയാണ്.
ഇതിനിടെ വൈറസ് യൂറോപ്പിലേക്കും പടരുന്നതിന്റെ സൂചന നല്‍കി ഫ്രാന്‍സില്‍ മൂന്ന് പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങള്‍ അടച്ചതായി ചൈനീസ് അധികൃതര്‍ പറഞ്ഞു. ആദ്യം റിപ്പോര്‍ട്ടുചെയ്ത വുഹാന്‍, ഹുവാങ്ഗാങ്, ഉജൗ, ചിബി, ഷിയാന്താവോ, ക്വിയാന്‍ജിയാങ്, ഷിജിയാങ്, ലിഷുവാന്‍, ജിങ്ജൗ, ഹുവാങ്ഷി തുടങ്ങിയയിടങ്ങളിലാണ് നിയന്ത്രണം. നാലുകോടിയോളംപേരാണ് ഈ നഗരങ്ങളില്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നത്.
ചൈന, ജപ്പാന്‍, തായ്ലാന്‍ഡ്, തയ്വാന്‍, വിയറ്റ്നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, മക്കാവു, ഫിലിപ്പീന്‍സ്, യു.എസ്. എന്നിവിടങ്ങളില്‍ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.