• Breaking News

    പൗരത്വ നിയമം; കോൺഗ്രസ് പാർട്ടിക്കുള്ളിലും പിന്തുണ കൂടുന്നു

    Citizenship Act; There is growing support within the Congress party,www.thekeralatimes.com


    ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഒരുക്കുമ്ബോള്‍ പാര്‍ട്ടിയെ വെട്ടിലാക്കി നിയമത്തെ പിന്തുണച്ച്‌ പാർട്ടിക്കുള്ളിൽ നിന്ന് കൂടുതല്‍ പേര്‍ രംഗത്ത്. ഏറ്റവും അവസാനമായി മധ്യപ്രദേശിലെ സുവസരയില്‍ നിന്നുള്ള ഹര്‍ദീപ് സിംഗ് ദങ്ങ് എന്ന എംഎല്‍എയാണ് നിയമത്തെ പിന്തുണച്ച്‌ രംഗത്തെത്തിയത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന അസംതൃപ്തരായ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ തെറ്റിലെന്നായിരുന്നു ഹര്‍ദീപ് പറഞ്ഞത്.

    എന്നാൽ പ്രസ്താവന വിവാദമായതോടെ അദ്ദേഹം വിശദീകരണം നൽകിയിട്ടുണ്ട്. പൗരത്വ നിയമത്തേയും എന്‍ആര്‍സിയേയും വേര്‍തിരിച്ച്‌ കാണണമെന്നാണ് താന്‍ പറഞ്ഞതെന്ന് ഹര്‍ദീപ് പറഞ്ഞു. എന്‍ആര്‍സിയേയും പൗരത്വ നിയമത്തേയും വേര്‍തിരിച്ച്‌ കണ്ടാല്‍ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇന്ത്യയില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് പൗരത്വം തെളിയിക്കാന്‍ രേഖകള്‍ സമര്‍പ്പിക്കണമെന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും ഹര്‍ദീപ് പറഞ്ഞു.

    സി‌എ‌എയും എന്‍‌ആര്‍‌സിയും വെവ്വേറെ കാണേണ്ടതുണ്ടെന്ന് താന്‍ വിശ്വസിക്കുന്നു. ഇവ ഒന്നായി കാണുന്നത് തെറ്റാണെന്നും ഹര്‍ദീപ് പറഞ്ഞു. നേരത്തേ നിയമത്തെ പിന്തുണച്ച്‌ ഗോവയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയിരുന്നു. മുന്‍ എംപിയും ഗോവ പിസിസി അധ്യക്ഷനുമായിരുന്ന ജോണ്‍ ഫെര്‍ണാണ്ടസ് ആയിരുന്നു നിയമത്തെ പിന്തുണച്ച്‌ രംഗത്തെത്തിയത്. ഗോവയില്‍ നിന്നുള്ള മറ്റ് നാല് പേര്‍ നിയമത്തിനെതിരായ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച്‌ രാജിവെച്ചിരുന്നു.