• Breaking News

    ശബരിമല യുവതീ പ്രവേശനം: അയ്യപ്പഭക്തരുടെ നെഞ്ചിൽ തീ കോരിയിട്ടവർക്കുള്ള തിരിച്ചടിയാകും സുപ്രീംകോടതി വിധിയെന്ന് ശശികുമാർ വർമ്മ

    Sabarimala youth entry: Supreme Court verdict on Ayyappa devotees' heart set on fire,www.thekeralatimes.com


    പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന കേസില്‍ അന്തിമ വിധി അയ്യപ്പ ഭക്തർക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പന്തളം കൊട്ടാര നിർവ്വാഹക സംഘം പ്രസിഡന്‍റ് ശശികുമാർ വർമ്മ. സുപ്രീംകോടതിയിൽ നിന്ന് ശുഭകരമായ ആ വാർത്ത ഉണ്ടാകും. അയ്യപ്പഭക്തരുടെ നെഞ്ചിൽ തീ കോരിയിട്ടവർക്കുള്ള തിരിച്ചടി ആകും സുപ്രീംകോടതി വിധിയെന്നും ശശികുമാർ വർമ്മ പറഞ്ഞു.

    ദേവസ്വം ബോർഡ് നിലപാട് മാറ്റം സ്വാഗതാർഹമാണ്. തെറ്റ് പറ്റിയെന്ന തിരിച്ചറിവിലാണ് ബോർഡിന്റെ നിലപാട് മാറ്റമെന്നും ശശികുമാർ വർമ്മ കൂട്ടിച്ചേര്‍ത്തു.ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിയമപ്രശ്നങ്ങള്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടന ബെഞ്ച് ഇന്നുമുതല്‍ പരിഗണിക്കും.

    അതേസമയം, ഒന്‍പതംഗ ബഞ്ച് പുനഃപരിശോധന ഹര്‍ജി കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഉന്നയിച്ച പൊതുവായ നിയമപ്രശ്‌നങ്ങളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. മതാചാരങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടോ എന്നതുള്‍പ്പെടെ ഏഴു ചോദ്യങ്ങളിലാണു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ വിശാല ബെഞ്ച് വാദം കേള്‍ക്കുക.

    പുനഃപരിശോധനാ ഹർജികളുമായി ബന്ധപ്പെട്ട് ആരുടെയെല്ലാം വാദം കേൾക്കണമെന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ വിശാല ബഞ്ചിൽ ജസ്റ്റിസ് ആർ ഭാനുമതി മാത്രമാണ് ഏക വനിതാംഗം. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എൽ നാഗേശ്വരറാവു, മോഹൻ എം ശാന്തനഗൗഡർ, അബ്ദുൾ നസീർ, സുഭാഷ് റെഡ്ഡി, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് മറ്റംഗങ്ങൾ. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് ഭൂരിപക്ഷവിധി പുറപ്പെടുവിച്ച ബെഞ്ചിലെ ഒരംഗങ്ങളും, എതിർവിധി എഴുതിയ ജസ്റ്റിസ് ഇന്ദു മൽഹോത്രയടക്കം പുതിയ ബഞ്ചിലില്ല എന്നതാണ് ശ്രദ്ധേയം.